പാലക്കാട്: പണം വാങ്ങാൻ കണ്ടക്ടറും ക്ലീനറും ഇല്ലാതെ സർവീസ് ആരംഭിച്ച പാലക്കാട്ടെ കാടൻകാവിൽ ബസിനെ തടയില്ലെന്ന് മോട്ടോർവാഹന വകുപ്പ്. കണ്ടക്ടറില്ലാതെ ബസിന് സർവീസ് നടത്താൻ എംവിഡി അനുമതി നൽകി.
നേരത്തെ, കണ്ടക്ടർ ഇല്ലാതെ ബസ് സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. അനുമതി നിഷേധിച്ചതോടെ കണ്ടക്ടറെ വെച്ച് സർവ്വീസ് നടത്താൻ ബസ് ഉടമ തോമസ് കാടൻകാവിൽ തീരുമാനിച്ചിരുന്നു. നിലവിൽ, പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ്. പുതിയ നിർദ്ദേശം വന്ന സാഹചര്യത്തിൽ ബസ് കണ്ടക്ടറില്ലാതെ ഓടുമെന്ന് തോമസ് കാടൻകാവിൽ പ്രതികരിച്ചു.
കണ്ടക്ടറില്ലാതെ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജില്ലയിലെ ആദ്യ സിഎൻജി ബസ് സർവ്വീസ് ആരംഭിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും കൃത്യമായി സർവ്വീസ് നടത്തിയിരുന്നു. ബുധനാഴ്ച്ച കാലത്ത് സർവ്വീസ് നിർത്തണം എന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിൽ നിന്നും നിർദേശം ലഭിക്കുകയായിരുന്നു.
കണ്ടക്ടറും ക്ലീനറും ഇല്ലാത്തതിനാൽ തന്നെ യാത്രക്കാർ ബസിൽ സ്ഥാപിച്ച ബോക്സിൽ യാത്രാകൂലി ഇടുന്ന രീതിയിലാണ് പുതിയ സംവിധാനം. പണമില്ലാത്തവർക്കും യാത്ര ചെയ്യാം. അത് തൊട്ടടുത്ത ദിവസങ്ങളിൽ നിക്ഷേപിച്ചാൽ മതിയാവും.
Discussion about this post