ചാവക്കാട്: പരീക്ഷ കഴിഞ്ഞ് ആഹ്ലാദത്തോടെ അവധി ആഘോഷിക്കാനിരുന്ന സ്‌കൂളും സഹപാഠികളും അവസാനത്തെ പരീക്ഷദിനത്തിൽ കണ്ണീരിൽ കുതിർന്നു. എംആർ രാമൻ മെമ്മോറിയൽ സ്‌കൂളിൽ അവസാന എസ്എസ്എൽസി പരീക്ഷദിനം മൂകാന്തരീക്ഷത്തിലാണ് നടന്നത്. അവസാന പരീക്ഷയ്ക്ക് മുഹ്സിന്റെ (16) നമ്പർ എഴുതിയ ഇരിപ്പിടം മാത്രം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സ്‌കൂളിന്റെ ഒന്നാം നിലയിലെ നാലാം നമ്പർ പരീക്ഷാമുറിയിൽ മുന്നിലെ ബെഞ്ചിലായിരുന്നു മുഹ്സിൻ പരീക്ഷയെഴുതേണ്ടിയിരുന്നത്. പരീക്ഷ കഴിഞ്ഞ് സന്തോഷത്തിന്റെ ഒരു ആർപ്പുവിളികളുമില്ലാതെ വിദ്യാർത്ഥികൾ സഹപാഠിയുടെ വിയോഗത്തിൽ തേങ്ങി കണ്ണീരോടെ മടങ്ങുകയായിരുന്നു.
ചെമ്മീൻകെട്ടിൽ വ്യാഴാഴ്ച മുങ്ങിമരിച്ച മൂന്ന് വിദ്യാർഥികളിൽ ഒരാളാണ് ഒരുപരീക്ഷ ബാക്കിവെച്ച് യാത്രയായ മുഹ്‌സിൻ. തെക്കൻ പാലയൂർ സ്വദേശികളായ മനേപറമ്പിൽ ഷനാദിന്റെ മകൻ പ്ലസ്ടു വിദ്യാർഥി വരുൺ (18), മനേപറമ്പിൽ വല പരേതനായ സുനിലിന്റെ മകൻ പ്ലസ് വൺ വിദ്യാർഥി സൂര്യ (16), മങ്കേടത്ത് മുഹമ്മദിന്റെ മകൻ മുഹ്സിൻ (16) എന്നിവരാണ് വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ചത്. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹങ്ങൾ തെക്കൻ പാലയൂർ മാഞ്ചു ബസാറിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോയി.
മൂന്നുപേരുടേയും മൃതദേഹങ്ങൾ മാഞ്ചു ബസാറിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പാലയൂർ ഗ്രാമത്തിന് കണ്ണീടക്കാനായില്ല. വലിയ ജനക്കൂട്ടമാണ് വിദ്യാർത്ഥികൾക്ക് അവസാന യാത്ര പറയാനായി എത്തിയത്. കണ്ണീർ സാഗരമായ പൊതുദർശനം ആരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചയാവുകയായിരുന്നു.
വരുണിന്റെ മൃതദേഹം ഗുരുവായൂർ നഗരസഭാ വാതകശ്മശാനത്തിലും സൂര്യയുടെ മൃതദേഹം ചാവക്കാട് നഗരസഭാ വാതകശ്മശാനത്തിലും സംസ്‌കരിച്ചു. വൈകീട്ടോടെ മുഹ്‌സിന്റെ മൃതദേഹം അങ്ങാടിത്താഴം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കി.
ശാന്തനായ വിദ്യാർഥിയായിരുന്നു മുഹ്‌സിനെന്ന് ഒരു മാസം മുമ്പ് വിരമിച്ച സ്‌കൂൾ പ്രധാനാധ്യാപിക കെഎസ് സരിതകുമാരി ഓർമ്മിച്ചു. പരീക്ഷയ്ക്ക് ശേഷം സ്‌കൂളിൽ അനുശോചനയോഗം ചേർന്നു. സ്‌കൂൾ പ്രിൻസിപ്പൽ എംഡി ഷീബ, പിടിഎ പ്രസിഡന്റ് ആർ.വി.എം. ബഷീർമൗലവി, സ്‌കൂൾ മാനേജർ എംയു ഉണ്ണികൃഷ്ണൻ, എൻ.വി. മധു തുടങ്ങിയവർ പങ്കെടുത്തു.