ഏറ്റുമാനൂർ: ഓമനിച്ചു വളർത്തുന്ന പൂച്ചയ്ക്കുനേരെ അയൽവാസി വെടിവെച്ചത് അറിഞ്ഞ് മക്കളില്ലാത്ത ദമ്പതിമാർ തളർന്നുവീണു. നിണ്ടൂർ വില്ലേജ് ഹാളിന് സമീപം താമസിക്കുന്ന മുടക്കാലിചിറയിൽ സജീവന്റെയും ഭാര്യ മിനിമോളുടെയുമാണ് ജീവ എന്ന കണ്ടൻ പൂച്ച.
പൂച്ച തന്റെ സ്‌കൂട്ടറിന്റെ സീറ്റ് മാന്തിപ്പൊളിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവരുടെ അയൽവാസി വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ മതിലിലിരിക്കുകയായിരുന്ന പൂച്ചയെ വെടിവെച്ചു വീഴ്ത്തിയത്. അതിരമ്പുഴ സ്വകാര്യ മൃഗാശുപത്രിയിലെത്തിച്ച പൂച്ചയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു.
വെടിവെയ്ക്കുന്നത് കണ്ട് പേടിച്ച ദമ്പതിമാർ വീട്ടിൽ തളർന്ന് വീഴുകയായിരുന്നു. തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതിനെതുടർന്ന് ഇവരുടെ ബന്ധുക്കളെത്തിയാണ് പൂച്ചയെ ഉടനടി ആശുപത്രിയിൽ എത്തിച്ചത്. എക്‌സറേ പരിശോധനയിൽ വെടിയുണ്ട കണ്ടെത്തുകയും ചെയ്തു. ഡോ.ടെറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി പൂച്ചയുടെ വയറ്റിൽ തറഞ്ഞിരിക്കുന്ന ലോഹക്കഷണം പുറത്തെടുത്തു.
നാടൻ തോക്കിൽനിന്നുള്ള വെടിയുണ്ടയാണിതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് പൂച്ചയെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ഭയം കാരണം പോലീസിൽ പരാതി നൽകാൻ ദമ്പതിമാർ ആദ്യം തയ്യാറായില്ല. ശനിയാഴ്ച പരാതി നൽകുമെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞു. രണ്ട് പൂച്ചകളെയാണ് ദമ്പതിമാർ വളർത്തുന്നത്.