തിരുവനന്തപുരം: സംസ്ഥാനത്തും വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ വൈദ്യുതി നിയന്ത്രണം പിൻവലിക്കാൻ മേയിൽ 50 കോടിരൂപ അധികം ചെലവിട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതായി വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക് അറിയിച്ചു.
ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലുള്ള നിയന്ത്രണം ശനിയാഴ്ച ചിലപ്പോൾ ഭാഗികമായി തുടരേണ്ടിവരുമെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു. തിങ്കളാഴ്ച നിയന്ത്രണം വേണ്ടിവരും. മേയ് 31-വരെ നിയന്ത്രണം ഒഴിവാക്കാൻ യൂണിറ്റിന് 20 രൂപവരെ ചെലവിട്ട് തത്സമയ വിപണിയിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങും. മേയ് 31-ന് മഴ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ബോർഡ്.
അതേസമയം, രാജ്യത്തെ കൽക്കരിക്ഷാമം അതിരൂക്ഷമായി ഒക്ടോബർവരെ തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ അനൗപചാരികമായി അറിയിച്ചിട്ടുണ്ട്. കൽക്കരി ഇറക്കുമതിയെ ബാധിക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം നീണ്ടാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവും. നിയന്ത്രണം കൂട്ടേണ്ടിവരുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ഒന്നരക്കോടിരൂപ അധികം ചെലവാകും. പവർ എക്സ്‌ചേഞ്ചിൽ വൈദ്യുതിയുടെ വില യൂണിറ്റിന് പരമാവധി 12 രൂപയായി കേന്ദ്ര റെഗുലേറ്ററി കമ്മിഷൻ നിയന്ത്രിച്ചിട്ടുണ്ട്. എന്നാലിത് മാനിക്കേണ്ടതില്ലെന്നാണ് വൈദ്യുതിബോർഡിന്റെ തീരുമാനം. 20 രൂപവരെ നൽകാൻ ബോർഡ് തയ്യാറാകുന്നത് കൂടിയ വില കൊടുത്താൽ വൈദ്യുതി ലഭിക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ 400 മെഗാവാട്ടിന്റെ കുറവുണ്ട്. വ്യാവസായിക ഉപഭോക്താക്കളുടെ യോഗം വിളിച്ച് ഉത്പാദനത്തെ ബാധിക്കാത്ത തരത്തിൽ അനാവശ്യ ഉപഭോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗാർഹിക മേഖലയിൽ ഭാവിയിലും നിയന്ത്രണം അനിവാര്യമാവും.