വർക്കല: രണ്ടരവയസുള്ള മകളെ കെട്ടിത്തൂക്കിയ ശേഷം യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി. ചെറുന്നിയൂർ കല്ലുമലക്കുന്ന് എസ്.എസ്. നിവാസിൽ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകൾ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈദ്യുതനിയന്ത്രണം പിൻവലിക്കാൻ വൈദ്യുതി വേണം; 50 കോടി അധികം ചെലവിട്ട് കേരളം വൈദ്യുതി വാങ്ങുന്നു
കിടപ്പുമുറിയിൽ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായാണ് ഇരുവരും ജീവനൊടുക്കിയത്. കുഞ്ഞിന്റെ കഴുത്തിൽ കുരുക്കിട്ടശേഷം ശരണ്യ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിന്റെ മദ്യപാനവും തുടർന്നുള്ള മർദനവും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. കല്ലറ സ്വദേശിനിയാണ് ശരണ്യ. അഞ്ചുവർഷം മുമ്പായിരുന്നു വിവാഹം.
വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് മരണവിവരം പുറത്തറിഞ്ഞത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുകയും ശരണ്യയെ മർദിക്കുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ മൊഴി നൽകി. വ്യാഴാഴ്ച ഉച്ചയോടെ ശരണ്യയും ഭർത്താവുമായി വഴക്ക് നടന്നിരുന്നു. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് വഴക്കിട്ടശേഷം വീട്ടിൽ നിന്നിറങ്ങിപ്പോയി.
വൈകീട്ട് തിരികെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുജിത്ത് ബഹളംവെച്ചതു കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി സുജിത്തിനെ കസ്റ്റഡിയിലെടുത്തു. വർക്കല തഹസീൽദാരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ശരണ്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.