തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് മനോരമ ന്യൂസ് ദുര്‍വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത സര്‍ക്കാരാണിതെന്നും, കുറച്ച് നാളുകളായി താന്‍ പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് എനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ടെന്നും അതിന് ഉദാഹരണമാണ് മനോരമ ന്യൂസിലെ വാര്‍ത്തയെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘വിധി അനുസരിക്കാന്‍ എല്ലാവിധ ഭരണഘടന ബാധ്യതയും സര്‍ക്കാരിനുണ്ട്. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി കലാപം അഴിച്ച് വിടാന്‍ കോപ്പ് കൂട്ടി ബിജെപി-ആര്‍എസ്എസ് നേതൃത്വം കാത്തിരിക്കുന്ന നില എല്ലാവര്ക്കും അറിയുന്നതാണ്. ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതികളെ കയറ്റിയേ തീരൂ എന്ന വാശി സര്‍ക്കാരിന് സ്വീകരിക്കാനാകില്ല . ശബരിമലയിലെത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകരുടെ സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും’ മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ബഹു: സുപ്രീംകോടതിയുടെ വിധി വന്നത് മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യമാണ് ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടോ എന്നത്. ഇന്ന് സന്നിധാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളെ കണ്ട വേളയിലും ഇതേ ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത സര്‍ക്കാരാണിത്. വിധി അനുസരിക്കാന്‍ എല്ലാവിധ ഭരണഘടന ബാധ്യതയും സര്‍ക്കാരിനുണ്ട്. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി കലാപം അഴിച്ച് വിടാന്‍ കോപ്പ് കൂട്ടി ബിജെപി-ആര്‍എസ്എസ് നേതൃത്വം കാത്തിരിക്കുന്ന നില എല്ലാവര്ക്കും അറിയുന്നതാണ്. ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതികളെ കയറ്റിയേ തീരൂ എന്ന വാശി സര്‍ക്കാരിന് സ്വീകരിക്കാനാകില്ല . ശബരിമലയിലെത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകരുടെ സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. മുമ്പ് പല തവണ വ്യക്തമാക്കിയ ഈ കാര്യങ്ങള്‍ ഞാന്‍ ഇന്നും ആവര്‍ത്തിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഈ നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ ഒരു ആശയകുഴപ്പവുമില്ല.
എന്നാല്‍ കുറച്ച് നാളുകളായി ഞാന്‍ പറയുന്ന കാര്യങ്ങളെ ദുര്‍വാഖ്യാനിച്ച് എനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ട്. ഈ ഉദ്ദേശലക്ഷ്യത്തോടെ മനോരമ ന്യൂസ് നല്കിയ വാര്‍ത്ത ഇതിന്റെ ഉദാഹരണമാണ്. ആ വാര്‍ത്തയുടെ കൂടെ ചേര്‍ത്തിരിക്കുന്ന വീഡിയോ തലക്കെട്ടിനോട് പോലും നീതിപുലര്‍ത്തുന്ന ഒന്നല്ല. നിങ്ങള്‍ പ്ലാന്റ് ചെയ്യുന്ന സ്റ്റോറിക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എന്നെ കൊണ്ട് പറയിപ്പിക്കാമെന്നു കരുതേണ്ട എന്ന് പത്രസമ്മേളനത്തിനിടയില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയതാണ്. ആ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഞാന്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കിയത്.
ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ള മാധ്യമസ്ഥാപനമാണെങ്കില്‍ ആ തെറ്റ് തിരുത്തണം. അതല്ല രാഷ്ട്രീയലാക്കോടെയാണ് ഈ വാര്‍ത്ത തെറ്റിദ്ധാരണപരമായി നല്കുന്നതെങ്കില് നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി തുടരാം. ഒന്ന് മാത്രം ഓര്‍മിപ്പിക്കാം. വരികള്‍ക്കിടയില്‍ ഒളിച്ചുകടത്തുന്ന നുണകള്‍ക്ക് ആയുസുണ്ടാകില്ല.’
Discussion about this post