തിരുവനന്തപുരം: സോളാര്‍ കേസില്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലെ നിര്‍ണായക വിധി ഇന്ന്. സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന് വിധി. വ്യവസായിയായ ടിസി മാത്യുവില്‍ നിന്ന് ഗാര്‍ഹികാവശ്യത്തിനായുള്ള സോളര്‍ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും വിതരണാവകാശം വാഗ്ദാനം ചെയ്തു ഒന്നരകോടി രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. 2009 ലാണ് കേസിനാസ്പതമായ സംഭവം.
തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തട്ടിപ്പിന് ഇരയായ ടിസി മാത്യു നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് കേസെടുത്തത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഇതുപോലെ മറ്റൊരു കേസ് കണ്ടെത്താന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നതെ ആരോപണം കേസിനെ വിവാദങ്ങളുടെ തോഴനാക്കി.
ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പിഎ ടെന്നി ജോപ്പന് അറസ്റ്റിലായി. മറ്റൊരു സ്റ്റാഫ് ജിക്കുമോന് ജേക്കബ്, ഗണ്മാന് സലിംരാജ് എന്നിവര്‍ക്കുനേരെയും ആരോപണമുയര്‍ന്നു. സോളാറിന്റെ പേരില്‍ പണം തട്ടിയെന്നാരോപിച്ച് ശ്രീധരന് നായര്‍ കൊടുത്ത പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നത് ഏറെ വിവാദങ്ങളാണ് ഉയര്‍ത്തിയത്.
Discussion about this post