പത്തനംതിട്ട: കാട്ടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയ്ക്കും കുഞ്ഞിനും കരുതലൊരുക്കി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ളാഹ അട്ടത്തോട് മഞ്ഞത്തോട് ആദിവാസി കോളനിയില്‍ സന്തോഷിന്റെ ഭാര്യ ശാന്ത (39) ആണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാട്ടില്‍ കുടില്‍കെട്ടി ആണ് ശാന്തയും കുടുംബവും കഴിയുന്നത്. ശാന്തയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പം ഉള്ളവര്‍ വിവരം ആശാ പ്രവര്‍ത്തകയെ അറിയിച്ചു. ഇവര്‍ ഉടനെ വിവരം വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്നാമ്മ എബ്രഹാമിനെ അറിയിച്ചു.
അന്നമ്മയാണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം വടശ്ശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.
ആംബുലന്‍സ് പൈലറ്റ് സുജിത്ത് എംഎസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആനന്ദ്. എ എന്നിവര്‍ ഉടനെ സ്ഥലത്തേക്ക് തിരിച്ചു. എന്നാല്‍ ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് ശാന്ത കുഞ്ഞിന് ജന്മം നല്‍കി. ഇതിനിടയില്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി.
കാടിനുള്ളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് സംഘം ശാന്തയുടെ അടുത്ത് എത്തിയത്.
സ്ഥലത്തെത്തിയ ഉടനെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആനന്ദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി പ്രഥമ ശുശ്രൂഷ നല്‍കി. ശേഷം ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. ഉടനെ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് സുജിത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.