അമ്മയുടെ മൃതശരീരം ഫ്രീസറിൽ വെച്ച്, ഇടറിയ മനസുമായി തട്ടിൽ കയറി നടനായ മകൻ; കണ്ണീർക്കാഴ്ച

തൃശൂർ: തന്നെ നൊന്തുപ്രസവിച്ച് വളർത്തി വലുതാക്കിയ മാതാവിനോളം വലുതാണ് ജീവനോപാധിയും പോറ്റമ്മയുമായ കലയെന്ന് കണ്ണീരോടെ ഓർമ്മിപ്പിച്ച് മകൻ. പെറ്റമ്മയുടെ ചേതനയറ്റ ശരീരം ഫ്രീസറിൽ മരവിച്ച് വീട്ടിൽ കിടക്കുമ്പോൾ കിലോമീറ്ററുകൾ ദൂരെ ദേശത്ത് സ്‌റ്റേജിൽ മേയ്ക്കപ്പ് അണിഞ്ഞ് കഥാപാത്രമായി പകർന്നാടുകയായിരുന്നു ഈ മകൻ.

മുഴുവൻ കണ്ണീരും ഉള്ളിലൊതുക്കി കഥാപാത്രത്തെ പതിവുപോലെ മികവുറ്റതാക്കി തിരിച്ചെത്തിയ മകൻ അന്ത്യചുംബനം നൽകി അമ്മയെ അവസാനയാത്രക്കായി ഒരുക്കി അയച്ചു. കണ്ണീർ മഴ ഉള്ളിലൊതുക്കി കാതങ്ങൾ അകലെ സ്റ്റേജിൽ മകന്റെ പകർന്നാട്ടം.

തൃശൂരിലെ പേരാമംഗലം സ്വദേശി ടോണി (45)യാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലും നൽകിയ വാക്ക് പാലിക്കാനായി സ്റ്റേജിൽ കയറിയത്. ‘നാടക നടന്റെ ജീവിതം ഇങ്ങനെയാണ്. വേറെ മാർഗ്ഗമില്ലല്ലോ. മനസ് ഇടറി സ്റ്റേജിൽ വാക്കുകൾ മുറിഞ്ഞുപോകുമോ എന്ന ഭയമുണ്ടായിരുന്നു. അമ്മയുടെ അനുഗ്രഹം കൊണ്ടാവാം, തെറ്റാതെ അവതരിപ്പിക്കാനായി’- അഭിനയത്തിന് ശേഷം ടോണി പ്രതികരിച്ചു.

തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ നാടകത്തിലെ പ്രധാന നടനാണ് ടോണി. ബുധനാഴ്ച രാവിലെയായിരുന്നു പക്ഷാഘാതത്തെ തുടർന്ന് അമ്മ സിസിലിയുടെ (78) മരണം.

ടോണിക്ക് 2005ൽ അപ്പൻ ലോനപ്പന്റെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്ത ദിവസവും കൊടുങ്ങല്ലൂരിലെ വേദിയിലേക്ക് ഓടിയെത്തേണ്ടി വന്നിരുന്നു. അന്ന് എറണാകുളം സാരസ്വത ട്രൂപ്പിലെ നടനായിരുന്നു. അമ്മയാണ് സമാധാനിപ്പിച്ച് പറഞ്ഞയച്ചതെന്ന് ടോണി ഓർക്കുന്നു.

അമ്മ മരിച്ച അന്നേദിവസം തന്നെ തിരുവനന്തപുരം നാവായിക്കുളത്ത് ക്ഷേത്രോത്സവത്തിന് ടോണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാടകമുണ്ടായിരുന്നു. നാടക സമിതിക്കാർ ഉത്സവക്കമ്മിറ്റിയെ ബന്ധപ്പെട്ട് വിവരം പറഞ്ഞു. പറഞ്ഞ സമയത്ത് മറ്റൊരു ട്രൂപ്പിനെ അയയ്ക്കാമെന്നു പറഞ്ഞെങ്കിലും കാത്തിരിക്കുന്ന നാട്ടുകാരോടും പ്രേക്ഷകരോടും എന്തുപറയുമെന്ന വിഷമത്തിലായി ഉത്സവക്കമ്മിറ്റി.

also read- ഭാര്യയുമായുള്ള പിണക്കം പരിഹരിക്കാൻ എത്തി; ബന്ധുവിനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്; അറസ്റ്റ്

ഒടുവിൽ ഫ്രീസർ വരുത്തി അമ്മയുടെ മൃതദേഹം കിടത്തിയശേഷം ടോണി യാത്ര തിരിച്ചു. വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ ജീവിതകഥയുടെ ആവിഷ്‌കാരമാണ് ടോണിയുടെ നാടകം. ഷേക്സ്പിയറിന്റെ അച്ഛൻ ജോൺ ഷേക്സ്പിയർ, തിയേറ്റർ ഉടമ, ഷേക്സ്പിയറിന്റെ മരുമകൻ എന്നിങ്ങനെ മൂന്ന് വേഷം അദ്ദേഹം അഭിനയിച്ചു.

നാടകാവതരണം കഴിഞ്ഞ് പേരാമംഗലത്തെ വീട്ടിലെത്തുമ്പോൾ നേരം പുലർന്നിരുന്നു. രാവിലെ 9ന് മകന്റെ അന്ത്യചുംബനം ഏറ്റുവാങ്ങി അമ്മ പേരാമംഗലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ മണ്ണോടു ചേർന്നു. ‘ഇതിഹാസം’ ഇന്നലെ രാത്രി തൃശൂർ അത്താണിയിലും അവതരിപ്പിച്ചു. അതിലും ടോണി അഭിനയിച്ചു.


ടോണിയുടെ ഭാര്യ ജിൻസി അമല ആശുപത്രി ജീവനക്കാരിയാണ്. മക്കളായ അലനും അനഘയും വിദ്യാർത്ഥികൾ. സഹോദരങ്ങൾ: ഷീല, ജോസഫ്, സത്യൻ, മെൽവിൻ, പരേതനായ യേശുദാസ്.

Exit mobile version