ബാലതാരമായെത്തി നായകനായും ഇപ്പോള്‍ സംവിധായകനുമായി മലയാളത്തില്‍ തന്റേതായ ഇടംപിടിച്ച താരമാണ് വിനീത് രാധാകൃഷ്ണന്‍. നഖക്ഷതങ്ങള്‍, പരിണയം, സര്‍ഗം, മഴവില്ല്, കാബൂളിവാല ഉള്‍പ്പടെയുള്ള ചിത്രങ്ങളിലൂടെ വിനീത് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി.
നൃത്തവും അഭിനയവുമെല്ലാം കൈയ്യടക്കത്തോടെ കൊണ്ട് നടക്കുന്ന പ്രതിഭയാണ് വിനീത്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കില്‍ രാമനാഥനായി അഭിനയിച്ചതോടെ ബോളിവുഡിലും വിനീത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു.
ഇടനിലങ്ങള്‍ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച വിനീതിന് മലയാളത്തിലെ അനശ്വര പ്രതിഭകളായ പത്മരാജന്‍, ഐ.വി ശശി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം തുടക്ക കാലത്ത് തന്നെ സിനിമ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ നായകനായി അഭിനയിച്ചിട്ടുള്ള വിനീതിന് പിന്നീടങ്ങോട്ട് നല്ല വേഷങ്ങള്‍ വളരെ മിതമായി മാത്രമെ ലഭിച്ചിട്ടുള്ളൂ.
അതേസമയം, തന്റെ സിനിമാജീവിതത്തില്‍ തനിയ്ക്ക് നഷ്ടമായ കഥാപാത്രങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് വിനീത്. സല്ലാപം, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. ഈ അവസരങ്ങള്‍ എങ്ങനെയാണ് തനിക്ക് നഷ്ടമായതെന്ന് പറയുകയാണ് വിനീത്. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
‘സല്ലാപത്തിലേക്ക് എന്നെ വിളിച്ചിരുന്നു. ഞാനാ സമയം കാതല്‍ ദേശം, ശക്തി എന്നീ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ആ അവസരം പോയത്. അന്ന് ആനി, മനോജ് കെ. ജയന്‍, ഞാന്‍ ഇങ്ങനെയായിരുന്നു കാസ്റ്റിംഗ്. അതിന് ശേഷമാണ് ദിലീപും മഞ്ജുവും എത്തുന്നത്.
എന്നാല്‍ അതിന്റെയൊക്കെ മനോഹാരിത കാസ്റ്റിംഗിലെ ആ ഫ്രെഷ്നസാണ്. എനിക്ക് തോന്നുന്നത് മിക്ക പടങ്ങള്‍ക്കും ഇതുപോലെ വ്യത്യസ്തമായ ഓപ്ഷന്‍സ് ഉണ്ടായിട്ടുണ്ടായിരിക്കും. അത് ഞാന്‍ ചെയ്യേണ്ടതായിരുന്നു എന്ന് പറയുന്നതില്‍ കാര്യമില്ല. കാരണം അത് മറ്റൊരാള്‍ക്ക് വേണ്ടിയുള്ളതാണ്.
അനിയത്തിപ്രാവിലേക്കും എന്നെ വിളിച്ചിരുന്നു. പാച്ചിക്കക്ക്(ഫാസില്‍) ഒരു പുതുമുഖത്തെയായിരുന്നു വേണ്ടത്. കുറെ ആള്‍ക്കാരെ നോക്കീട്ട് കിട്ടാതായപ്പോഴായിരിക്കും എന്നെ വിളിച്ചത്. പാച്ചിക്കക്ക് അന്നെന്നെ നന്നായി അറിയാം.
അന്നത്തെ എന്റെ അവസ്ഥ എങ്ങനെയാന്ന് വെച്ചാല്‍ കാതല്‍ ദേശത്തിന്റെ ഷൂട്ട് കഴിഞ്ഞ് പിറ്റെ ദിവസം ഭരതേട്ടന്റെ തെലുങ്ക് പടത്തിനായി വിശാഖപട്ടണത്തിലേക്ക് പോകാന്‍ നില്‍ക്കുകയാണ്. അതാണ് പിന്നീട് മഞ്ജീര ധ്വനി എന്ന് പേരില്‍ മലയാളത്തിലിറങ്ങിയത്. അതൊരു വലിയ സിനിമയായിരുന്നു. അതിനിടയിലാണ് പാച്ചിക്കക്ക് കാണണമെന്ന് പറഞ്ഞ് വിളിക്കുന്നത്. ഞാന്‍ പോയി കണ്ടു. ശാലിനിയെ ഹീറോയിനായിട്ട് അവതരിപ്പിക്കുന്ന ഒരു സിനിമയുണ്ടെന്ന് പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെ റോളിലേക്കാണ് എന്നെ വിളിച്ചത്. അപ്പോള്‍ ഭരതേട്ടന്റെ പടത്തിന് പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ അത് പോയി. പിന്നെ ചാക്കോച്ചന്‍ വന്നു. അതൊരു ചരിത്രമായി മാറി. അവരുടെ പെയറിനും ആ ഒരു ഫ്രെഷ്നസ് ഉണ്ടായിരുന്നു. എന്നെ പോലെയൊരു ആക്ടര്‍ അത് ചെയ്തിരുന്നെങ്കില്‍ അത് ഒരു സാധാരണ സിനിമയായി പോയേനെ. കാസ്റ്റിംഗിലെ ഫ്രെഷ്നസ് എപ്പോഴും ഒരു പടത്തിന്റെ ഭംഗിയാണ്,’ വിനീത് പറഞ്ഞു.
‘മണിച്ചിത്രത്താഴിലും ഇതുപോലെയായിരുന്നു. ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച് പാച്ചിക്ക റഫായി എന്നോട് കഥ പറഞ്ഞിരുന്നു. ഞാന്‍ ബാക്ക് സ്റ്റേജില്‍ നിന്നും സ്റ്റേജിലേക്ക് പോകുമ്പോള്‍ പാച്ചിക്ക എന്റെ കൈ പിടിച്ചു നിര്‍ത്തി 100 കൊല്ലം മുമ്പേയുള്ള ഒരു നര്‍ത്തകി, അവളുടെ കാമുകനായ രാമനാഥന്‍. ഇത്രയേ പറഞ്ഞുള്ളൂ. ലാലിന്റേയും സുരേഷ് ഗോപിയുടെയും കമ്പൈന്‍ഡ് ഡേയ്സാണ്. 8 ദിവസം വേണമെന്ന് പറഞ്ഞു.
അപ്പോള്‍ പരിണയം തുടങ്ങാനിരിക്കുകയാണ്. ഞാന്‍ പാച്ചിക്കയോട് ഹരന്‍ സാറിനോട്(ഹരിഹരന്‍) ചോദിക്കട്ടെയെന്ന് പറഞ്ഞു. ഹരന്‍ സാര്‍ മാക്സിമം ശ്രമിച്ചെങ്കിലും അതിന്റിടക്ക് നടന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു വടക്കന്‍ വീരഗാഥ’, ‘മുദ്ര’, ‘പഠിപ്പുര’, ‘അനഘ’, ‘ദശരഥം’, ‘ഭരതം’,’ ഇന്‍സ്‌പെക്ടര്‍ ബല്‍റാം’, ‘സര്‍ഗം’, ‘മിഥുനം’, ‘തച്ചോളി വര്‍ഗീസ് ചേകവര്‍’, ‘അഴകിയ രാവണന്‍’ തുടങ്ങിയവയില്‍ ബാല താരമായി വെള്ളിത്തിരയിലെത്തിയ നടനാണ് വിനീത് കുമാര്‍.
‘പ്രണയമണിത്തൂവല്‍’, ‘കൊട്ടാരം വൈദ്യന്‍’, ‘കണ്‍മഷി’, ‘ദ ടൈഗര്‍’, ‘അരുണം’, ‘വാല്‍മീകം’, ‘ഫ്‌ലാഷ്’, ‘തിരക്കഥ’, ‘സെവെന്‍സ്’, ‘ഇത് നമ്മുടെ കഥ’, ‘ചാപ്‌റ്റേഴ്‌സ്’, ‘കാശ്’, ‘ദ സ്പാര്‍ക്ക്’, ‘ഒരു യാത്രയില്‍’, ‘കെയര്‍ഫുള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. ‘കുതിരൈ’ എന്ന തമിഴ് ചിത്രത്തിലും വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെ വിനീത് കുമാര്‍ ആദ്യമായി സംവിധായകനുമായി. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തില്‍ നായകന്‍.