നെടുമങ്ങാട്: അമ്പലപ്പുഴ കാർ അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനി അപകട നില തരണം ചെയ്തു. ഐസിയുവിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റി. വാർഡിലേയ്ക്ക് മാറ്റിയ ഉടനെ ഷൈനി ആദ്യം തിരക്കിയത് തന്റെ ഏകമകനെയായിരുന്നു.
ഭാര്യയുമായുള്ള പിണക്കം പരിഹരിക്കാൻ എത്തി; ബന്ധുവിനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്; അറസ്റ്റ്
അപകടത്തിൽ ഭർത്താവ് സുധീഷ് ലാലും ഏക മകൻ നിരഞ്ജനും സഹോദരൻ ഷൈജുവും അടുത്ത ബന്ധു അഭിരാഗും അടക്കം യാത്രയിൽ തനിക്കൊപ്പമുള്ള എല്ലാവരും മരിച്ച വിവരം ഷൈനി ഇനിയും അറിഞ്ഞിട്ടില്ല. മരുന്നുകളുടെ മയക്കം മാറി കണ്ണ് തുറക്കുമ്പോൾ കണ്ണീരൊഴുക്കിയാണ് ഷൈനി തന്റെ മകനെ അന്വേഷിക്കുന്നത്. നെറ്റിയോട് ചേർന്നുള്ള മുറിവിൽ തയ്യൽ ഇട്ടിട്ടുണ്ട്. തലയിൽ രണ്ടിടത്ത് രക്തം കട്ട പിടിച്ചിട്ടുണ്ട്. വലത് കൈയ്യിൽ പൊട്ടലും, മുഖത്തും ദേഹത്തിന്റെ പലഭാഗങ്ങളിലും മുറിവുകളും ഷൈനിക്കുണ്ട്.
കുടുംബത്തിലെ പ്രാരാബ്ദങ്ങൾ നെഞ്ചിലേറ്റിയാണ് ഗൾഫിൽ ജോലിക്കായി ഷൈനിക്ക് യാത്ര തിരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നെടുമങ്ങാട്ടു നിന്നുള്ള യാത്രയിൽ അമ്പലപ്പുഴയിൽ ബുധനാഴ്ച പുലർച്ചെ കുടുംബം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷൈനിയുടെ ഏക മകൻ നിരഞ്ജൻ(12), ഭർത്താവ് സുധീഷ് ലാൽ, സഹോദരൻ ഷൈജു, സുധീഷിന്റെ പിതൃസഹോദരൻ അഭിരാഗ് എന്നിവരാണ് മരിച്ചത്. സുധീഷ് ഓടിച്ച കാർ എതിരെ വന്ന ലോറിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.