കൊട്ടാരക്കര: അമേരിക്കൻ വനിത ‘റോസ്മേരി’യുമായി സൗഹൃദത്തിലായ യുവാവിന് നഷ്ടമായത് 1.6 കോടി രൂപ. കൊട്ടാരക്കര കുന്നിക്കോട് സ്വദേശിയായ പ്രവാസിക്കാണ് ഇത്രയും വലിയതുക ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായിരിക്കുന്നത്. ഒടുവിൽ പോലീസ് അന്വേഷണത്തിൽ ‘റോസ് മേരി’ സ്ത്രീ അല്ലെന്നും യഥാർഥത്തിൽ പുരുഷനാണെന്നും കണ്ടെത്തി. കൃത്യമായ അന്വേഷണത്തിലൂടെ പോലീസ് പ്രവാസിയിൽ നിന്ന് പണം തട്ടിയ കേസിൽ നാഗാലൻഡ് കൊഹിമ സ്വദേശി യാമ്പമോ ഒവുങ് (33) എന്നയാളെ അറസ്റ്റ് ചെയ്തു.
ഡൽഹിയിൽനിന്നാണ് കൊല്ലം റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയ്ക്കടുത്ത് കുന്നിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്.
അതേസമയം, തട്ടിപ്പിന് പിന്നിൽ വലിയ സംഘമാണെന്ന് കണ്ടെത്തിയ പോലീസ് മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഫേസ്ബുക്കിലൂടെയാണ് കപ്പൽ ജീവനക്കാരിയും ബിസിനസുകാരിയുമായ വിദേശവനിതയെ പ്രവാസി പരിചയപ്പെട്ടത്. ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങൾ വിലയുള്ള സമ്മാനം നൽകാമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഇവരുടെ സൗഹൃദം വളർന്നതോടെ കുന്നിക്കോട് സ്വദേശി സ്വയം മറന്നു. ഒടുവിൽ ഇയാളുടെ പിറന്നാളിന് വിലപിടിപ്പുള്ള സമ്മാനം നൽകുമെന്നും വേണ്ടെന്നു പറയരുതെന്നും റോസ്മേരി അഭ്യർഥിച്ചു. തുടർന്ന് പിറന്നാൾ ദിനത്തിൽത്തന്നെ ഡൽഹി കസ്റ്റംസിൽനിന്ന് വിളിയെത്തി. വലിയ വിലപിടിപ്പുള്ള സമ്മാനം എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നുമായിരന്നു അറിയിപ്പ്.
ഓരോ തവണ തുക അടയ്ക്കുമ്പോഴും കൂടുതൽ വിളികളെത്തി, പിന്നീട് ഭീഷണിയായി, ഇതോടെയാണ് റോസ്മേരി ചതിച്ചെന്ന് പ്രവാസിക്ക് മനസ്സിലായത്. കേസന്വേഷിച്ച സൈബർ ക്രൈം പോലീസ് റോസ്മേരിയെ തേടി കണ്ടെത്തിയപ്പോഴാണ് തട്ടിപ്പ് ചെറുതല്ലെന്നു ബോധ്യമായത്. വിവിധ ബാങ്കുകളിലെ 47 അക്കൗണ്ടുകൾ വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഡൽഹിയും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
പിറന്നാൾ സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ പണം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ഇത്തരത്തിൽ ഒന്നരവർഷത്തിനുള്ളിൽ 1.6 കോടി രൂപ പ്രവാസിയിൽ നിന്നു മാത്രം തട്ടിയെടുത്തു. 16 അക്കൗണ്ടിലേക്ക് 46 തവണയായാണ് പണം കൈമാറിയത്. എല്ലാം വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത ബാങ്കുകളിലും. പിടിയിലായ നാഗലാൻഡ് സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് കൈമാറിയത് ആറുലക്ഷം രൂപയാണ്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലും ഉദ്യോഗസ്ഥർ പോയി.
പണം ആവശ്യപ്പെട്ടുള്ള ഭീഷണി വർധിച്ചതോടെയാണ് പോലീസിൽ പരാതിനൽകിയത്. റൂറൽ ജില്ലാ പോലീസ് മേധാവി കെബി രവിയുടെ നിർദേശപ്രകാരം സൈബർ ക്രൈം പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു.
ഡൽഹി കിഷൻഗഡിൽനിന്നാണ് പ്രധാനപ്രതിയായ യാമ്പമോ ഒവുങ്ങിനെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിഎസ് ബിനു, സിവിൽ പോലീസ് ഓഫീസർ ജികെ സജിത്ത് എന്നിവർ അറസ്റ്റ് ചെയ്തത്.
ഡൽഹി ഗുഡ്ഗാവ് ഐടി പാർക്കിൽ കസ്റ്റമർ കെയർ സർവീസ് റെപ്രസെന്റേറ്റീവ് ആയി ജോലിനോക്കുകയായിരുന്നു പ്രതി. പട്യാല മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിലേക്ക് വാറന്റ് അനുവദിച്ചു. തിങ്കളാഴ്ച കൊല്ലം കോടതിയിൽ ഹാജരാക്കും.
Discussion about this post