പ്രായം വെറും പതിനെട്ട്, പ്രശസ്തിയുടെ ഉയരത്തില്‍ നിന്നും വീല്‍ചെയറിലേക്ക് ജീവിതം പതിച്ചപ്പോള്‍ തോറ്റ് കൊടുക്കാന്‍ മനസ്സില്ലെന്ന് ഉറപ്പിച്ച് ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്ന് പറക്കുകയാണ് നടിയും നര്‍ത്തകിയുമായ സ്വര്‍ണ തോമസ്.
ഒന്‍പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് 2013 ജൂണ്‍ 13നാണ് സ്വര്‍ണയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. കുഞ്ഞനിയന്‍ വിളിക്കുന്നതു കേട്ട് 5-ാം നിലയിലെ ബാല്‍ക്കെണിയില്‍ നിന്നും താഴേക്ക് എത്തി നോക്കിയതാണ്. കാല്‍ തെന്നി നേരേ താഴേക്ക്.
തലയിടിച്ചില്ല, ബോധം പോയില്ല, രക്തം വന്നില്ല. പക്ഷേ നട്ടെല്ല് പൊട്ടി, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ദുഷ്‌കരമായി, കാലുകളുടെ ചലന ശേഷി നഷ്ടമായി. ഒടുവില്‍ സ്വര്‍ണ പതിയെ അബോധാവസ്ഥയിലേക്ക്. ഒറ്റ നിമിഷം കൊണ്ട് തലകീഴായി മറിയുകയായിരുന്നു സ്വര്‍ണ തോമസിന്റെ ജീവിതം. പ്രശസ്തിയുടെ ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് സ്വര്‍ണയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ആ അപകടമുണ്ടായത്.
ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ സ്വര്‍ണയുടെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നു. ഡാന്‍സ് ജീവിതം സ്വപ്നം കണ്ട ജീവിതം അവിടെ അവസാനിച്ചുവെന്ന് കരുതി. എന്നാല്‍ അവിടെ നിന്ന് ജീവിക്കണമെന്ന ചിന്തയില്‍ നിന്ന് ഡാന്‍സിന്റെ ചുവടുകളിലേക്ക് തിരിച്ചെത്തുകയാണ് സ്വര്‍ണ.
ബോധം വന്നപ്പോള്‍ സ്വര്‍ണ ചോദിച്ചത് തനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു. സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് എഴുതിയാണ് ചോദിച്ചത്. ഇല്ല എന്നാണ് ഉത്തരം എന്ന് മനസിലായപ്പോള്‍ ഇനി ജീവിക്കേണ്ട എന്നാണ് സ്വര്‍ണയ്ക്ക് തോന്നിയത്. അങ്ങനെ സ്വര്‍ണ എഴുതിപ്പറഞ്ഞു, ‘അല്‍പം വിഷം തന്ന് എന്നെ കൊല്ലൂ ഡോക്ടര്‍, എനിക്ക് ഇങ്ങനെ ജീവിക്കേണ്ട’.
പിന്നീട് പല കുറവുകളുമുള്ള ആളുകളെ കണ്ടപ്പോഴാണ് ജീവിക്കണമെന്ന് തോന്നിയതെന്ന് സ്വര്‍ണ പറയുന്നു. സങ്കടം തോന്നുമ്പോള്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കും. അത് വളരെയധികം ആശ്വാസം നല്‍കുന്നതാണെന്നും സ്വര്‍ണ പറയുന്നു.
പിന്നീട് മാറി ചിന്തിച്ചു. ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം കൊച്ചിയിലെ ആശുപത്രിയില്‍. പിന്നീട് മുംബൈയിലേയ്ക്ക്. സ്വര്‍ണയുടെ മനോധൈര്യം കൊണ്ടായിരിക്കാം ശരീരത്തില്‍ അതിശയകരമാം വിധം മാറ്റം കണ്ടുതുടങ്ങി. എഴുന്നേറ്റിരിക്കാന്‍ 5 വര്‍ഷം വേണ്ടി വരുമെന്നു പറഞ്ഞ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ അത്ഭുതമായി 5 വര്‍ഷം കൊണ്ട് സ്വര്‍ണ ഊന്നുവടിയുടെ സഹായത്തോടെ നടന്നു തുടങ്ങി. നൃത്തവും വ്യായാമവുമെല്ലാം വീണ്ടും ആരംഭിച്ചു.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന സ്വര്‍ണ നിലവില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സാധാരണ രീതിയില്‍ നൃത്തം ചെയ്യാറായിട്ടില്ല. ഊന്നുവടിയുടെ സഹായത്തോടെ ഇപ്പോള്‍ നടക്കുക മാത്രമല്ല, നൃത്തം അവതരിപ്പിക്കുകയും ചെയ്യും സ്വര്‍ണ. വീണ്ടും പൂര്‍ണരീതിയില്‍ നൃത്ത രംഗത്തേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണ തോമസ്.
മഴവില്‍ മനോരമയില്‍ ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സ്വര്‍ണ തന്റെ ജീവിതകഥകള്‍ വിവരിച്ചത്. കസേരയില്‍ ഇരുന്നും ഊന്നുവടി പിടിച്ചു നിന്നും സ്വര്‍ണ വേദിയില്‍ നൃത്തം അവതരിപ്പിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. പുതിയ പരീക്ഷണമായാണ് ഇത്തരത്തില്‍ നൃത്ത പ്രകടനങ്ങള്‍ ആരംഭിച്ചതെന്നു സ്വര്‍ണ പറയുന്നു.