എടപ്പാൾ: ആചാരങ്ങൾ ചേരുമ്പോൾ മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശമാണ് പകരുകയെന്ന വിശാലമായ കാഴ്ചപ്പാടിന് വേദിയായി ഈ വിവാഹവീട്. എടപ്പാളിലെ വിവാഹവീട്ടിലാണ് ജാതിമതങ്ങൾക്ക് അതീതമായ മതസൗഹാർദ്ദത്തിന്റെ മാതൃക ദൃശ്യമായത്.
നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസിൽ ഗോപാലകൃഷ്ണന്റെയും ജയലക്ഷ്മിയുടെയും മകൾ അമൃതയുടെയും ഒഡീഷ പട്ടപ്പുർ കൈതബേതയിൽ ജനാർദനൻ മല്ലയുടെയും സരോജിനി മല്ലയുടെയും മകൻ ഗൗതമിന്റെയും വിവാഹത്തിനിടെയയായിരുന്നു സംഭവം.
അമൃതയുടെ വീട്ടിൽ വൈകുന്നേരം നടത്തിയ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ അതിഥികൾ എത്തി തുടങ്ങിയിരുന്നു. റമദാൻ കാലമായതിനാൽ തന്നെ നോമ്പെടുക്കുന്ന നിരവധി പേർ സൽക്കാര വേദിയിലെത്തിയിരുന്നു. റമസാൻ വ്രതമെടുത്തവർക്കായി പന്തലിൽ നോമ്പുതുറയുമൊരുക്കി.
തുടർന്ന് വേദിയിൽ വധൂവരന്മാർ ഇരിക്കുന്ന സ്ഥലത്തു നിന്ന് അമൃതയും ഗൗതവും അരികിലേക്ക് മാറിനിന്ന് വിശ്വാസികൾക്ക് നിസ്‌കാരിക്കാനും ഇടമൊരുക്കി. താഴെ പന്തലിലും ബാക്കിയുള്ളവർ നിസ്‌കരിച്ചു. ഇതെല്ലാം നടക്കുമ്പോൾ വധുവരനും ദൃക്‌സാക്ഷികളായി അരികിലുണ്ടായിരുന്നു.
നോമ്പതുറയ്ക്ക് പിന്നാലെ വിഭവസമൃദ്ധമായ സത്കാരം തന്നെ കുടുംബം ഒരുക്കിയിരുന്നു.
Discussion about this post