തിരുവനന്തപുരം: കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് സര്‍ക്കാര്‍ ജോലി. അനസിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ തനിക്ക് ഉറപ്പ് നല്‍കിയെന്ന് കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം അറിയിച്ചു.
അനസ് എടത്തൊടിക കേരളത്തിന്റെ അഭിമാന താരമാണെന്നും അദ്ദേഹത്തിന് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടെന്നും മന്ത്രി അറിയിച്ചതായും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
കായിക രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ജോലി ലഭിക്കേണ്ടതായിരുന്നെന്നും എന്നാല്‍ എല്ലാം ശരിയായി വന്നപ്പോള്‍ സീനിയര്‍ ഫുട്‌ബോള്‍ താരങ്ങള്‍ വിലങ്ങുതടിയായെന്നുമുള്ള അനസ് എടത്തൊടിക വെളിപ്പെടുത്തിയിരുന്നു.
2016 മുതല്‍ 2020 വരെ ഇന്ത്യന്‍ ടീമിന് വേണ്ടി ഏഷ്യന്‍ കപ്പിലും, ലോകകപ്പ്
യോഗ്യതാ മല്‍സരങ്ങളിലും, 2010 ല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും,ഐ
ലീഗ്,ഐഎസ്എല്‍ തുടങ്ങിയ ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് 14 വര്‍ഷമായി സജീവ സാന്നിദ്ധ്യമായി തുടരുകയാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തൊടിക.
വിവിധ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടിയും സന്തോഷ് ട്രോഫി പോലെയുള്ള ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടിയും കളത്തിലിറങ്ങി ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരങ്ങള്‍ വരെ നേടിയിട്ടുള്ള അനസ് എടത്തൊടികയെ പോലെയുള്ള ഒരു വലിയ കായിക പ്രതിഭക്ക് സര്‍ക്കാര്‍ ജോലി വൈകുന്നത് നിരാശാജനകവും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതെന്നും എംഎല്‍എ കുറിച്ചു.