‘നോ വേ ഔട്ട്’ എന്ന അച്ഛന്റെ സിനിമ ഇഷ്ടമായില്ലെന്ന് രമേശ് പിഷാരടിയുടെ മകള്‍ പൗര്‍ണമി പറഞ്ഞത് സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അച്ഛന് കോമഡി പടങ്ങളില്‍ അഭിനയിച്ചാല്‍ പോരേ’ എന്നും പൗര്‍ണമി പറഞ്ഞിരുന്നു. ശേഷം പൗര്‍ണമിയുടെ വാക്കുകളെ വളച്ചൊടിച്ച് ‘നോ വേ ഔട്ട്’ എന്ന സിനിമയ്ക്കും രമേശ് പിഷാരടിക്കുമെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
അതേസമയം, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ബാദുഷ. പത്തുവയസ്സുള്ള ഒരു പെണ്‍കുട്ടി പറഞ്ഞതിനെ വളച്ചൊടിച്ച് വിദ്വേഷം വിളമ്പുന്നവരെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്ന് ബാദുഷ പറയുന്നു.
രമേശ് പിഷാരടിയുടെ മകള്‍ പത്തുവയസ്സുള്ള ചെറിയ കുട്ടിയാണ് അവള്‍ക്ക് അവളുടെ അച്ഛന്‍ അഭിനയിച്ചത് എന്താണെന്ന് മനസ്സിലാകില്ല അച്ഛനോടുള്ള സ്‌നേഹം മാത്രമാണ് കുട്ടി പ്രകടിപ്പിച്ചത്. അത് മനസ്സിലാക്കാതെ മികച്ച രീതിയില്‍ മുന്നേറുന്ന ഒരു കൊച്ചു സിനിമയെ തകര്‍ക്കാനാണ് ചിലര്‍ ലക്ഷ്യമിടുന്നതെന്നും ബാദുഷ പറയുന്നു.
സ്വന്തം അച്ഛന്‍ സിനിമയില്‍ അഭിനയിച്ച സീന്‍ കണ്ട് വിഷമിച്ച ഒരു പെണ്‍കുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍. കുരുന്നുകളെ പോലും വെറുതെ വിടാന്‍ തയ്യാറാകാതെ, ഇത്തരത്തില്‍ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാന്‍ നാട്ടില്‍ ഒരു നിയമവുമില്ലെന്നാണോ?
നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിച്ചോളൂ.., പോരായ്മകള്‍ ചൂണ്ടിക്കാണിച്ചോളൂ.. അത് വിശാലമായ മനസോടെ സ്വീകരിക്കാന്‍ ഒരു മടിയുമില്ല രമേശ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ.
10 വയസ്സുള്ള ഒരു പെണ്‍കുട്ടി അവളുടെ അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഒക്കെ പെണ്‍മക്കള്‍ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല. രമേശിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും.