പിണറായി: കിടപ്പാടവും സ്ഥലവും ജപ്തിഭീഷണിയിലായതോടെ കടം തീർക്കാൻ വീടിനോട് ചേർന്ന 12 സെന്റ് ഭൂമി വിൽക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വ്യത്യസ്ത വഴി തേടിയിരിക്കുകയാണ്. കുറഞ്ഞവിലയ മാത്രം ഇടനിലക്കാരും വാങ്ങാനെത്തിയവരും പറഞ്ഞതോടെ ന്യാവില ലഭിക്കാനായി നറുക്കെടുപ്പിലൂടെ സ്ഥലം വിൽക്കാനൊരുങ്ങുകയാണ് പന്തക്കപ്പാറ സ്വദേശി ഹരിദാസ്.
സാമ്പത്തിക ബാധ്യത കാരണം സ്ഥലം വിൽപനയ്ക്കുവെച്ചതോടെ നിരവധി ആവശ്യക്കാരെത്തിയിരുന്നു. പക്ഷേ, ഹരിദാസിന്റെ പ്രതിസന്ധി മുതലെടുത്ത് ചുളുവിലയ്ക്ക് സ്ഥലം കൈക്കലാക്കാനായിരുന്നു പലരുടേയും ശ്രമം. സെന്റിന് ഒന്നരലക്ഷം വിപണിവിലയുള്ള സ്ഥലത്തിന് പലരും പറഞ്ഞത് അൻപതിനായിരവും അറുപതിനായിരവും മാത്രം.
ഇതോടെ നറുക്കെടുത്ത് സ്ഥലം വിൽക്കാൻ ഹരിദാസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി 1000 രൂപ വിലയുള്ള 3000 കൂപ്പണുകൾ അടിച്ചു. വിഷുദിനത്തിൽ വിതരണവും തുടങ്ങി. 300-ൽപരം കൂപ്പണുകൾ ഇതിനോടകം വിറ്റഴിച്ചു. സ്വാതന്ത്ര്യദിനത്തിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സ്ഥലം കൈമാറാനാണ് പരിപാടി.
സ്ഥലത്ത് നല്ല വിളവ് തരുന്ന ഒൻപത് തെങ്ങും 14 കവുങ്ങും ചെറിയ കുളവുമാണ് ഇവിടെയുള്ളത്. കൂടാതെ മഞ്ഞളും ഇഞ്ചിയും. നവമാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് ആളുകളെ ആകർഷിക്കുന്നത്.
കോവിഡ് കാലത്ത് ബിസിനസ് ക്ഷയിച്ചതോടെയാണ് ഹരിദാസിന് സാമ്പത്തിക ബാധ്യത ഉണ്ടായത്. 2014-ൽ പലഹാരങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന ചെറിയ യൂണിറ്റ് വീടിനോട് ചേർന്ന് തുടങ്ങിയിരുന്നു. ഇതിനായി സഹകരണ ബാങ്കിൽനിന്ന് 12 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ബിസിനസ് കോവിഡിൽ മുങ്ങി പോയതോടെ മറ്റ് വഴികളില്ലാതെയാണ് സ്ഥലം വിൽക്കുന്നത്. ഒൻപതുലക്ഷത്തോളം രൂപ പലഹാരങ്ങൾ വാങ്ങിയ വകയിൽ കടകളിൽനിന്ന് പിരിഞ്ഞുകിട്ടാനുണ്ടന്ന് ഹരിദാസ് പറയുന്നു.
ഇതിനിടെ മകളുടെ വിവാഹം നടന്നു. വീട് പണയപ്പെടുത്തി വീണ്ടും വായ്പയെടുക്കേണ്ടിവന്നു. ഇതോടെ തിരിച്ചടവ് പ്രതിസന്ധിയിലായി. ബാങ്ക് ജപ്തിനടപടികൾക്കായി നീക്കം തുടങ്ങിയതോടെയാണ് കിടപ്പാടത്തോട് ചേർന്നുള്ള ഭൂമി നറുക്കെടുപ്പിലൂടെ വിൽക്കാൻ ഹരിദാസ് തീരുമാനിച്ചത്.