കട്ടപ്പന: എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ഇടുക്കി വണ്ടൻമേട് പുറ്റടി ഇലവനാതൊടിയിൽ രവീന്ദ്രൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അതേസമയം, രവീന്ദ്രന്റെ ഈ ചെയ്തിക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ല, കുടുംബ പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്നാണ് സൂചന.
പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകൾ ശ്രീധന്യക്ക് പുറമേ രവീന്ദ്രനും ഭാര്യ ഉഷക്കും മറ്റൊരു മകൾ കൂടിയുണ്ട്. മൂത്തമകൾ ശ്രുതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം ചെയ്തത്. ഇതിന് ശേഷം രവീന്ദ്രൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ബന്ധുക്കൾ മകളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രവീന്ദ്രൻ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ശേഷമാണ് അയൽവാസികൾ രവീന്ദ്രന്റെ വീട്ടിൽനിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോൾ മകൾ ശ്രീധന്യ പൊള്ളിയടർന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോൾ ഓടിക്കൂടിയ നാട്ടുകാർ വെള്ളം നൽകുകയും തുടർന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.
ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുറ്റടി നെഹ്‌റു സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഹ്യുമാനിറ്റീസ് ബാച്ചിൽ പഠിക്കുന്ന ശ്രീധന്യയ്ക്ക് ചൊവ്വാഴ്ച ഇക്കണോമിക്‌സ് പരീക്ഷ ബാക്കിയുണ്ടായിരുന്നു.
രവീന്ദ്രനും ഭാര്യ ഉഷയും കിടന്നിരുന്ന കട്ടിൽ പൂർണമായി കത്തി നശിച്ച നിലയിലാണ്. കിടക്കയുടെ ഭാഗത്ത് ശേഷിക്കുന്ന സ്പോഞ്ചിന്റെ ഭാഗങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്നാണ് പോലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും വിലയിരുത്തൽ. ഇതേ മുറിയുടെ മറ്റൊരു വശത്തെ കട്ടിലിലാണ് ശ്രീധന്യ കിടന്നിരുന്നതെന്നാണ് കരുതുന്നത്. ഈ കട്ടിലിന്റെ ഭാഗത്തേക്ക് തീ പടർന്നിട്ടില്ല. ഈ വീട്ടിൽ സിമന്റ് ഇഷ്ടിക കൊണ്ട് നിർമിച്ച അടച്ചുറപ്പുള്ള ഏക മുറിയിലാണ് ഇവർ കിടന്നിരുന്നത്.
ആത്മഹത്യയാണെന്നു സൂചിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പ് കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മയിലും സുഹൃത്തിനും രവീന്ദ്രൻ അയച്ചിരുന്നതായി പോലീസ് പറയുന്നു. അണക്കര സ്വദേശിയായ സുഹൃത്ത് മുഖേന രവീന്ദ്രൻ മറ്റൊരാളിൽ നിന്ന് അരലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. അത് പൂർണമായി തിരികെ കൊടുത്തിരുന്നില്ല. അതിനുള്ള കുറച്ച് പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നും അത് തികയില്ലെന്ന് അറിയാമെന്നും ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞാണ് സുഹൃത്തിനുള്ള കുറിപ്പ്. താൻ ഒരു തവണയെങ്കിലും ജയിച്ചോട്ടെയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് കുടുംബ ഗ്രൂപ്പിൽ ഇട്ടിട്ടുള്ളതെന്നാണ് വിവരം. അണക്കരയിൽ ജ്യോതി സ്റ്റോഴ്സ് എന്ന പേരിൽ സോപ്പ് പൊടിയും മറ്റും വിൽക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു രവീന്ദ്രൻ.