കാഞ്ഞാണി: കുടുംബസംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെൺകുട്ടി മരിച്ചു. വയറിളക്കവും ഛർദിയെയും തുടർന്നാണ് കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകൾ ആൻസിയ മരണപ്പെട്ടത്. 9 വയസായിരുന്നു. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എൽ.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആൻസിയ.
ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തിലാണ് ആൻസിയയും കുടുംബവും പങ്കെടുത്തത്. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിൽ നിന്നാണ് സംഗമത്തിന് ഭക്ഷണം എത്തിച്ചത്. ചോറും മീനും മാംസവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച പലർക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും ആരും ആശുപത്രിയിലില്ലെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച പുലർച്ചെയാണ് ആൻസിയയ്ക്ക് വയറിളക്കമുണ്ടായത്.
കുറച്ചുനേരം പിന്നിട്ടപ്പോൾ ഛർദിയും തുടങ്ങി. തുടർന്ന് 11 മണിയോടെ പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോൾ അവശനിലയായിരുന്നുവെന്നാണ് വിവരം. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കൾ അന്തിക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം പറഞ്ഞു. ആൻസിയയുടെ അമ്മ: സെറിൻ. സഹോദരി: ആസ്മി. സംസ്‌കാരം ചൊവ്വാഴ്ച കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ.