തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആക്രമിക്കുകയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുമ്പൊന്നും ആരില്‍ നിന്നും ഇല്ലാത്ത വിധമാണ് ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെ ആണെങ്കില്‍ 100 വര്‍ഷം കഴിഞ്ഞാലും ബിജെപി അധികാരത്തിലെത്തില്ല. പണപിരിവും ഗ്രൂപ്പിസവും മാത്രമാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. എന്‍ഡിഎ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിംഗ് നടന്നാലായി എന്നും എന്‍ഡിഎയെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി പറഞ്ഞു.
വനിതാ മതിലിനെക്കുറിച്ച് എന്‍ഡിഎ മുന്നണിയില്‍ നിലപാട് എടുത്തിട്ടില്ല. മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബിജെപിയുടെ നിലപാട് സ്വീകരിക്കേണ്ട കാര്യം ബിഡിജെഎസിനില്ലെന്നും ബിജെപിയെ ഭയന്ന് കഴിയാന്‍ ബിഡിജെഎസിനെ കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാറും ഭാര്യയുമടക്കം ബിഡിജെഎസ് പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.