ജീവിതത്തിന്റെ നല്ല പങ്കും മക്കളുടെ സുഖ സന്തോഷത്തിന് മാറ്റി വയ്ക്കുന്നവരാണ് മാതാപിതാക്കള്‍. കഷ്ടപ്പാടുകളും പ്രാരാബ്ധങ്ങളൊന്നും അറിയിക്കാതെ മക്കളെ പൊന്നുപോലെ വളര്‍ത്തി വലുതാക്കി, വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ ഏറെയാണ്. മക്കളുടെ സ്‌നേഹസാമീപ്യം പോലും ലഭിക്കാതെ എത്രയോ മാതാപിതാക്കള്‍ അവസാന കാലത്ത് വൃദ്ധസദനങ്ങളെ അഭയം പ്രാപിച്ചിട്ടുണ്ട്. വൃദ്ധകാലത്തെ ബാധ്യതയായി കണ്ട് തെരുവില്‍ എത്രയോ പേര്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞു.
അത്തരം കണ്ണീരണിയിക്കുന്ന വയോധികന്റെ ജീവിതമാണ് കുറ്റിപ്പുറത്തെ ‘ഇല’ ഫൗണ്ടേഷന്‍ സ്ഥാപകനായ നജീബ് കുറ്റിപ്പുറം പങ്കുവയ്ക്കുന്നത്. വിദേശത്ത് സുഖസൗകര്യങ്ങളില്‍ ജീവിച്ച അദ്ദേഹം തളര്‍ന്നുപോയപ്പോള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടുതോന്നി.
പതുക്കെ ആ ബുദ്ധിമുട്ട് താത്പര്യമില്ലായ്മയിലെത്തി. ഇനി സമയം കളയാനാവില്ല എന്ന ചിന്തയില്‍ സ്വന്തം മകന്‍ അദ്ദേഹത്തെ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു ഒരു അമ്പലനടയില്‍ ഉപേക്ഷിച്ചു. അവസാനമായി ആ മകന്‍ പറഞ്ഞതിങ്ങനെയാണ്..’അച്ഛന്‍ ഇരിക്കൂ, ഞാന്‍ ഒരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം…’പിന്നീട് അവനെയും കാത്തുള്ള ഇരിപ്പ് കിടപ്പായി, പിന്നെ തളര്‍ന്നു പോയി.
അമ്പലത്തിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ ഒരു മൂലയില്‍ പൂച്ചയും പട്ടിയും തുണയായി വെള്ളം മാത്രം കുടിച്ച് അവശനായി കിടക്കുന്ന ആ മനുഷ്യന്റെ ചിത്രം എടുത്ത് ആരോ ഒരാള്‍ പ്രചരിപ്പിച്ചു. പോലീസും അധികാരികളും ഇടപെട്ടു.
ഇപ്പോള്‍ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹം ഉന്മേഷവാനാണെന്ന് നജീബ് കുറ്റിപ്പുറം കുറിയ്ക്കുന്നു. വെറുതേ ഇരുന്നാല്‍ ഇരുണ്ട കാലത്തേക്ക് ചിന്തകള്‍ കാടു കയറിപ്പോകും എന്നയാള്‍ പറഞ്ഞപ്പോള്‍ ഇല ഫൗണ്ടേഷനിലെ ചില കാര്യങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു.
ഇലയുടെ കരുതലില്‍ കഴിയുന്ന ക്യാന്‍സര്‍ ബാധിച്ചവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, മാനസിക രോഗികള്‍,വിധവകള്‍,അനാഥ ബാല്യങ്ങള്‍, വാര്‍ദ്ധക്യം വന്നു കിടപ്പിലായിപ്പോയവര്‍ തുടങ്ങി പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും വാങ്ങിയെടുക്കാന്‍ സഹായിച്ച്, തളര്‍ന്നു പോയവര്‍ക്ക് തണല്‍ വിരിക്കുകയാണ് ഇപ്പോള്‍ ആ മനുഷ്യന്‍.