മലപ്പുറം: അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ പരസ്യമായി മര്‍ദ്ദിച്ച മുസ്ലീംലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീറിനെ സഹോദരിമാര്‍ കുടുക്കിയത് വിദഗ്ദമായി. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ പാണമ്പ്രയിലാണ് സംഭവം. ഈ മാസം 16 ന് ആയിരുന്നു സംഭവം. പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവരെയാണ് ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്.
അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച ഇരുചക്ര വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാന്‍പോയി. ചോദ്യം ചെയ്തതിന് കാറില്‍ നിന്ന് ഇറങ്ങിയ ഇബ്രാഹിം വാഹനമോടിച്ചിരുന്ന അസ്‌നയുടെ മുഖത്ത് അടിക്കുകയായിരുന്നു. ഇയാള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വവുമായി ബന്ധമുള്ളതിനാല്‍ പോലീസ് കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ അസ്ന പറഞ്ഞു.
തിരൂരങ്ങാടിയിലെ പ്രമുഖനായ ലീഗ് നേതാവിന്റെ മകനാണ് സിഎച്ച് ഇബ്രാഹിം ഷെബീര്‍. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ കേസ് ഒതുക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെങ്കിലും പരാതിയുമായി പെണ്‍കുട്ടികള്‍ മുന്നോട്ട് നീങ്ങിയതോടെ, വീണ്ടും ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് തേഞ്ഞിപ്പാലം സിഐ അറിയിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും സിഐ അറിയിച്ചു.ഇബ്രാഹിം ഷബീര്‍ ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍ തന്നെയാണ് ആദ്യം പറഞ്ഞത്. ലീഗ് സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടന്നതെന്നും അതിന് പോലീസ് പിന്തുണയുണ്ടെന്നും പരാതിക്കാരി അസ്‌ന പറഞ്ഞു.
അസ്‌നയുടെ വാക്കുകള്‍: ”കോഴിക്കോട് നിന്ന് മലപ്പുറം ജില്ലയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഞങ്ങളുടെ വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു. വണ്ടിയെ തട്ടുന്ന രീതിയിലാണ് അവര്‍ കാര്‍ ഓവര്‍ടേക്ക് ചെയ്തത്. വീഴാന്‍ പോയപ്പോഴാണ് പ്രതികരിച്ചത്. ഇതോടെയാണ് അയാള്‍ കാറില്‍ നിന്നിറങ്ങി മര്‍ദ്ദിച്ചത്. വണ്ടിയുടെ ഫോട്ടോ എടുത്തിരുന്നു.
തുടര്‍ന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി പരാതി നല്‍കി. പിന്നാലെ പോലീസ് ആളെ കണ്ടുപിടിച്ച് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ശേഷമാണ് അവര് ലീഗിന്റെ സ്വാധീനമുള്ളവരാണെന്ന് അറിയാന്‍ സാധിച്ചത്.” ”വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്.
കുടുംബത്തിലുള്ളവര്‍ക്കും അവരെ പറ്റി അറിയാമായിരുന്നു. ഇതോടെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കാനാണ് അവര്‍ ശ്രമിച്ചത്. അടുത്തുള്ള വീടുകളിലെയും നാട്ടിലെയും ആള്‍ക്കാരും വന്ന് സംസാരിക്കാന്‍ തുടങ്ങി. നിങ്ങള്‍ പെണ്‍കുട്ടികളല്ലേ, പ്രശ്‌നം ഒതുക്കി കൂടെയെന്നാണ് അവര്‍ ചോദിച്ചത്. നടുറോഡില്‍ വച്ചാണ് ഞങ്ങളെ തല്ലിയത്. ഇതില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടാല്‍ ആരെ വേണമെങ്കിലും കൈ വയ്ക്കാമെന്ന നില വരും. സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന് നിലയിലാണ്. ചെറിയ കുട്ടികള്‍ക്ക് വരെ അറിയാം അടിക്കാന്‍ പാടില്ലെന്ന്.”
”പോലീസ് കേസെടുത്തെങ്കിലും നിസാരമായ വകുപ്പുകള്‍ ചുമത്തി ഇബ്രാഹിനെ വിട്ടയ്ക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുക്കണമെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ അവര്‍ നിസാര വകുപ്പുകളാണ് ചുമത്തിയത്. നിങ്ങള്‍ നോക്കി ഓടിക്കേണ്ടേ എന്നൊക്കെയാണ് പോലീസ് പറയുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും അവര്‍ നടപടി എടുക്കുന്നില്ല. ഇപ്പോള്‍ വെറുതെ വിട്ടാല്‍ അവര്‍ക്ക് ഇനിയും ആരെയും എന്തും ചെയ്യാമെന്ന നിലയുണ്ടാകും. അതുകൊണ്ട് അവരെ വെറുതെ വിടാന്‍ ഉദേശമില്ല. തക്കതായ ശിക്ഷ ലഭിക്കണം.” അസ്‌ന പറയുന്നു.