വടക്കഞ്ചേരി: യാത്രക്കാരുടെ നന്മയെ വിശ്വാസത്തിലെടുത്ത് ഇന്നുമുതൽ വടക്കഞ്ചേരിയിൽ കണ്ടക്ടറും ക്ലീനറും ഇല്ലാത്ത ബസ് നിരത്തിലേക്ക് എത്തുന്നു. വടക്കഞ്ചേരി കാടൻകാവിൽ തോമസാണ് യാത്രക്കാരെ വിശ്വാസത്തിലെടുത്ത് കണ്ടക്ടറും ക്ലീനറും ഇല്ലാതെ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ബസിൽ ഇനി ഡ്രൈവർ മാത്രമാകും ഉണ്ടാവുക. യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാൽ ബെല്ലടിച്ച് ഇറങ്ങാം.
ബസിൽ കയറുന്നവർക്ക് യാത്രാക്കൂലിയായി ബസിൽ സ്ഥാപിച്ചിട്ടുള്ള 3 ബോക്‌സുകളിൽ ഏതിലെങ്കിലും ഒന്നിൽ പണം ഇട്ടാൽ മതി. ബസിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെ കയ്യിൽനിന്നും നിർബന്ധിച്ചു പണം വാങ്ങില്ലെന്ന് ഉടമ അറിയിച്ചു.
തന്റെ സർവീസ് നഷ്ടത്തിലാവില്ലെന്നും യാത്രക്കാരെ വിശ്വാസമാണെന്നും തോമസ് പറയുന്നു. വടക്കഞ്ചേരിയിൽനിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സർവീസുകൾ നടത്തുന്നത്.
33 സീറ്റുള്ള ബസാണ് യാത്ര ആരംഭിക്കുന്നത്. ദിവസേന 7 ട്രിപ്പുണ്ടാവും. സിഎൻജി ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുക. ഇന്ന് ഉച്ചയ്ക്ക് 2ന് പിപി സുമോദ് എംഎൽഎ ജനങ്ങളുടെ സ്വന്തം ബസിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിക്കും. മുൻപ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സർവീസ് നടത്തിയിരുന്നു.
Discussion about this post