കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽദാസിനെ (38) തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് രുഗ്മ എസ്രാജ് മേയ് ആറുവരെ റിമാൻഡ് ചെയ്തു. പിണറായി പാണ്ട്യാലമുക്കിൽ ഒളിച്ചുതാമസിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് നിജിൽദാസ് അറസ്റ്റിലായത്. കേസിൽ 14-ാം പ്രതിയാണ് ഇയാൾ.
നിജിൽദാസിന് ഒളിവിൽ താമസിക്കാൻ വീട് നൽകിയ അധ്യാപികയായ ധർമടം അണ്ടലൂർ ‘ശ്രീനന്ദന’ത്തിൽ രേഷ്മ പ്രശാന്തി (42)ന് കോടതി ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാത്രി മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയ രേഷ്മയെ റിമാൻഡ് ചെയ്തിരുന്നു. കേസിൽ 15-ാം പ്രതിയാണ് രേഷ്മ. നിജിൽദാസിനെ ഒരുവർഷമായി അറിയാമെന്നും വീട്ടിൽ വരാറുണ്ടെന്നും രേഷ്മ പോലീസിന് മൊഴി നൽകി. സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് അറിയാമായിരുന്നുവെന്നും മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രേഷ്മയുടെ ഭർത്താവ് പ്രവാസിയായ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് ബോംബേറുണ്ടായി. ഇവിടെയാണ് നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞിരുന്നത്. രണ്ട് ബോംബുകളാണെറിഞ്ഞത്. വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലുകൾ തകരുകയും തറയിലെ ടൈലുകൾ അടരുകയും ചെയ്തു. തുടർന്ന് ഈ വീടിനും രേഷ്മ പ്രശാന്തിന്റെ അണ്ടലൂരിലെ വീടിനും പോലീസ് കാവൽ ഏർപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ചെയാണ് നിജിൽദാസ് അറസ്റ്റിലായത്. ഏപ്രിൽ 17 മുതൽ ഇയാൾ ഇവിടെ താമസിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. 16 പേർ പ്രതികളായ ഹരിദാസൻ വധക്കേസിൽ 14 പേർ ഇപ്പോൾ അറസ്റ്റിലായി. ഗൂഢാലോചനയിൽ നേരിട്ട് ഉൾപ്പെടുകയും നടപ്പാക്കാൻ നിരന്തരം ശ്രമിച്ചെന്നുമാണ് നിജിൽദാസിനെതിരെയുള്ള കുറ്റം. ഹരിദാസനെ കാൽ വെട്ടിമാറ്റി കൊലപ്പെടുത്താൻ ഫെബ്രുവരി എട്ടിന് ചെള്ളത്ത് മടപ്പുരയിൽ വെച്ച് തീരുമാനിച്ചപ്പോൾ ഇയാളുമുണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്.
Discussion about this post