സിനിമാലോകത്തിന് കനത്തനഷ്ടമാണ് തിരക്കഥാകൃത്ത് ജോൺപോളിന്റെ വിയോഗം. കുട്ടിക്കാലത്ത് പിതാവിൽ നിന്നും ലഭിച്ച വായനാശീലമാണ് അദ്ദേഹത്തെ സിനിമാതിരക്കഥയുടെ ലോകത്തേക്ക് കൈപിടിച്ചെത്തിച്ചത്.
മഹാരാജാസ് കോളേജിനോടുള്ള പ്രിയം കാരണം ഡിഗ്രിക്ക് ഇക്കണോമിക്സ് തെരഞ്ഞെടുക്കേണ്ടി വന്നു. എങ്കിലും സാഹിത്യലോകത്തോട് വിടപറയാൻ അദ്ദേഹം കൂട്ടാക്കിയില്ല. എംഎ പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ കാനറാബാങ്കിൽ ജോലി ലഭിച്ചു.
മഹാരാജാസുമായുള്ള ബന്ധം തുടർന്നും കൊണ്ടുപോകാൻ ജോൺ പോൾ ഒരിക്കലും മറന്നില്ല. മഹാരാജാസിലെ മുത്തശ്ശിമരച്ചോട്ടിൽ ചർച്ചകളിൽ കവി പി കുഞ്ഞിരാമൻനായരും, കാനായി കുഞ്ഞിരാമനും ജി അരവിന്ദനും ഭരതനുമൊക്കെ ചേർന്നതോടെ സിനിമാലോകത്തേക്ക് തന്നെ ജോൺ പോളും എത്തിച്ചേർന്നു. ഇതിനിടെ, കോളേജ് പശ്ചാത്തലത്തിൽ ഒരു സിനിമയെടുക്കണമെന്ന് ഭരതനും ആഗ്രഹമായി.
ജോൺ പോൾ പറഞ്ഞ കോളേജുകാല കഥകൾ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ജോണിനെ കൊണ്ടുതന്നെ ഭരതൻ തിരക്കഥ എഴുതിക്കുകയും ചെയ്തു. അങ്ങനെ ആദ്യകാല സൂപ്പർഹിറ്റ് സിനിമ ചാമരം പിറന്നു. ചാമരത്തിനു മുമ്പേ രണ്ടു സിനിമകൾക്കുവേണ്ടി ജോൺ എഴുതിയിരുന്നുവെങ്കിലും വെള്ളിത്തിരയിലെത്തിയില്ല.
ജോൺപോളിന്റെ രണ്ടാമത്തെ ചിത്രം ഐവി ശശിയുടേതായിരുന്നു. ജോൺ പറഞ്ഞ ത്രെഡിന് തോപ്പിൽഭാസി തിരക്കഥ എഴുതി. തിരക്കഥയിൽ ജോൺ വരുത്തിയ ചില മാറ്റങ്ങളോടെ പുറത്തിറങ്ങിയ ഞാൻ ഞാൻ മാത്രം എന്ന ചിത്രം വൻ വിജയമായി. ആദ്യസിനിമ പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽതന്നെ മോഹൻ, കെഎസ് സേതുമാധവൻ, ജേസി എന്നിവർക്കുവേണ്ടിയെല്ലാം എഴുതി.
1972ൽ ജോൺപോൾ കാനറാബാങ്കിൽ ഉദ്യോഗസ്ഥനായി ചേർന്നിരുന്നു. സിനിമാ തിരക്കഥ എഴുതുന്ന സമയത്തെല്ലാം ജോലിയിൽ തുടരുകയായിരുന്നു അദ്ദേഹം. ബാങ്കിന്റെ അനുവാദത്തോടെയെ സാഹിത്യരചനകൾ പാടുള്ളൂ എന്നും പ്രതിഫലത്തിന്റെ മൂന്നിലൊന്ന് ബാങ്കിൽ നൽകണമെന്നും നിയമം ഉണ്ടായിരുന്നു. തുടർന്ന് വ്യവസ്ഥകൾ പാലിച്ചാണ് ആനുകാലികങ്ങളിൽ ചില കഥകൾ പ്രസിദ്ധീകരിച്ചത്.
എന്നാൽ സിനിമാരചന ആരംഭിച്ചതോടെ തിരക്കായി, ഡിസ്‌ക് തെറ്റി കിടപ്പാണെന്നു കള്ളം പറഞ്ഞ് മെഡിക്കൽ ലീവ് എടുത്ത് തിരക്കഥ എഴുതിയിരുന്നു അന്ന്. ഇക്കാലത്ത് സിനിമ എഴുത്തുമായി ബന്ധപ്പെട്ട് മദ്രാസിലേക്കും തിരിച്ചുമുള്ള വിമാനയാത്രകളിൽ കാനറാ ബാങ്ക് ചെയർമാൻ മംഗലാപുരം സ്വദേശി രത്നാകറെ കണ്ടുമുട്ടാറുണ്ട്. സിനിമാപ്രവർത്തകൻ എന്ന നിലയിലാണ് ജോൺ ചെയർമാനുമായി സംസാരിച്ചിരുന്നത്. ബാങ്ക് ജോലിക്കാരനാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
ഒരിക്കൽ ജോൺപോൾ ബാങ്കിലുള്ളപ്പോൾ രത്നാകർ ബ്രാഞ്ച് സന്ദർശനം നടത്തി. ജോൺ ഗോഡൗൺഡ്യൂട്ടി വാങ്ങി ചെയർമാന്റെ മുങ്ങിയെങ്കിലും തിരികെയെത്തിയപ്പോൾ മേശപ്പുറത്ത് ചെയർമാന്റെ കത്ത് അദ്ദേഹത്തെ കാത്തിരുന്നിരുന്നു.-ഭാരത് ഹോട്ടലിലെ മുറിയിൽ എന്നെ സന്ദർശിക്കുക.-ഹോട്ടലിലെത്തി ചെയർമാനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ ബാനർജിറോഡ് ശാഖയിലെ ജീവനക്കാരനാണെന്ന് എനിക്ക് അറിയാമായിരുന്നു. വിമാനയാത്രയിൽ കണ്ടപ്പോൾ താങ്കളുടെ സമാധാനത്തെ കരുതി ഞാൻ അത് ചോദിക്കാതിരുന്നതാണ് എന്ന്.
തിരികെ വീട്ടിലെത്തിയ ജോൺ പോളിന് കുറ്റബോധം തോന്നി രാജി വയ്ക്കാൻ തീരുമാനിച്ചു. 1983ലാണ് ജോസി ഉപേക്ഷിച്ചത്. രാജിവയ്ക്കേണ്ടെന്ന് മാനേജ്മെന്റ് നിർബന്ധിച്ചിട്ടും ജോൺ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
കടപ്പാട്: മനോരമ ഓൺലൈൻ.