തിരുവനന്തപുരം: കേരള സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന സിൽവർ ലൈൻ പദ്ധതിക്ക് എതിരെ വീണ്ടും ഇ ശ്രീധരൻ രംഗത്ത്. നിലവിലെ സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ ( വിശദ പദ്ധതി രേഖ) മാറ്റി പുതിയ ഡിപിആർ ഉണ്ടാക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും ബിജെപി നേതാവ് കൂടിയായ ഇ ശ്രീധരൻ പറഞ്ഞു.
സർക്കാരിന് തന്റെ കഴിവ് അറിയാമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മൂന്ന് പ്രാവശ്യം കത്തുകളിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സിൽവർ ലൈൻ ഡിപിആർ ഉണ്ടാക്കാനും തന്റെ അഭിപ്രായങ്ങളും അറിയാൻ സർക്കാർ സമീപിക്കുകയാണെങ്കിൽ ആ ക്ഷണം തീർച്ചയായും സ്വീകരിക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
നിലവിലെ പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി കിട്ടാൻ പ്രയാസമാണ് എന്നും ഡിപിആറിൽ പല അബദ്ധങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യങ്ങൾ തിരുത്താതെ റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാൻ പോകുന്നില്ലെന്നും നിലവിൽ സംസ്ഥാന സർക്കാർ നടത്താനിരിക്കുന്ന പാനൽ ചർച്ച നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർവെ പ്രവൃത്തികൾ തുടങ്ങിയതിന് ശേഷമല്ല ചർച്ച നടത്തേണ്ടത്. നിലവിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി കിട്ടുമോ എന്ന കാര്യം തന്നെ സംശയമാണ് എന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം പ്രോജക്ട് സമർപ്പിച്ച് റെയിൽവേ ബോർഡിന്റെ സമ്മതം വാങ്ങട്ടെ. റെയിൽവേ ബോർഡ് എന്നെ വിളിച്ച് അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നൽകുകയുള്ളൂ, ഇ ശ്രീധരൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പാനൽ ചർച്ചയാണെന്നും അതിൽ പങ്കെടുത്താലും ഇല്ലെങ്കിലും ഒരു മാറ്റവും വരാൻ പോകുന്നില്ല. ഇതിൽ തന്നെ വിളിച്ചാലും പോകില്ലായിരുന്നു. പാനൽ ചർച്ച കൊണ്ട് എന്താണ് ഗുണമുള്ളതെന്നും ശ്രീധരൻ ചോദിച്ചു.
സർക്കാരിന് ഒരു അന്തിമ തീരുമാനം എടുക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും വന്നേനെ. ഇപ്പോൾ സർക്കാർ അന്തിമ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ്. അങ്ങനെയുള്ള സ്ഥിതിക്ക് പാനൽ ചർച്ചയിൽ താൻ പോകേണ്ട ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി സർക്കാരിനെയും മുൻ സർക്കാരിനേയും താരതമമ്യപ്പെടുത്തിയും ഇ ശ്രീധരൻ പ്രതികരിച്ചു. മുമ്പത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റിപ്പോർട്ടും ഈ റിപ്പോർട്ടും തമ്മിൽ രാവും പകലും പോലെയുള്ള വ്യത്യാസമുണ്ട്. ആ പ്രോജക്ടിന് ഭൂമി ഏറ്റെടുക്കൽ വളരെ കുറവാണ്. പ്രോജക്ടിന്റെ എസ്റ്റിമേറ്റും സാങ്കേതിക വിവരങ്ങളും കൃത്യമായിരുന്നു. എന്നാൽ ഈ പ്രോജക്ട് അങ്ങനെയല്ലെന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post