തിരുവനന്തപുരം: കണിയാപുരത്ത് കെ-റെയിലിനെതിരെ പ്രതിഷേധിച്ച സമരക്കാരെ കായികമായി നേരിട്ട് സസ്‌പെൻഷൻ വാങ്ങിയ പോലീസുദ്യോഗസ്ഥൻ സേനയിലെ സ്ഥിരം പ്രശ്‌നക്കാരൻ എന്ന് റിപ്പോർട്ട്. നേരത്തേയും പോലീസ് സേനയുടെ നിരവധി ശിക്ഷാ നടപടികൾക്ക് വിധേയനായ ആളാണ് കഴക്കൂട്ടം സ്വദേശിയായ എം ഷബീർ എന്ന പോലീസ് ഉദ്യോഗസ്ഥൻ. അഭിഭാഷകനെയും വയോധികനേയും മർദ്ദിച്ച സംഭവത്തിലും അസി.കമ്മീഷണറുടെ കോളറിൽ പിടിച്ച സംഭവത്തിലും നേരത്തെ സസ്‌പെൻഷൻ നടപടി ഇയാൾ നേരിട്ടിട്ടുണ്ട്.
2011 സെപ്തംബർ 24ന് കേബിൾ കണക്ഷന്റെ വാടക ചോദിച്ചെത്തിയ വയോധികനെയാണ് കയ്യേറ്റം ചെയ്യുകയും ഇരുചക്ര വാഹനം മറിച്ചിടുകയും ചെയ്തത്. ഈ സംഭവത്തിൽ തുമ്പ പോലീസ് ഷബീറിനെതിരെ കേസെടുത്തിരുന്നു. ഇതേ വർഷം തന്നെ സുഹൃത്തുക്കളുമായി ചേർന്ന് രമേശൻ എന്നയാളെ മർദ്ദിച്ചതിന് ശ്രീകാര്യം പോലീസ് സ്റ്റേഷനിലും കേസുണ്ട്.
മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അഭിഭാഷകനെ മർദ്ദിച്ച പരാതിയിലും പ്രതിയാണ് ഷബീർ. പിന്നീട് കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഒന്നരവർഷം ഷബീർ അച്ചടക്ക നടപടിയും നേരിട്ടിരുന്നു.
ഇതിനിടെയാണ് ഏറ്റവും വിവാദമായ നടപടി ഷബീറിന്റെ ഭാഗത്തുനിന്നുമുണ്ടായത്. 2019ൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഷബീറിനെ കഴക്കൂട്ടം പോലീസ് തടഞ്ഞിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ അസിസ്റ്റന്റ് കമ്മീഷണറുടെ യൂണിഫോമിൽ ഷബീർ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് അന്ന് വലിയ വിവാദമായിരുന്നു.
ഈ അഞ്ച് വിഷയങ്ങളും ഷബീർ സസ്‌പെൻഷന് വിഷേയനായിരുന്നു. നിലവിൽ ഷബീർ ഇപ്പോൾ മംഗലാപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ സ്ഥലം മാറ്റം വാങ്ങിയതെന്നും ആരോപണമുണ്ട്.
അതേസമയം, കെ-റെയിൽ പ്രതിഷേധക്കാരെ ഉപദ്രവിച്ച സംഭവത്തിൽ ഷബീറിനെതിരെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഷബീർ സസ്പെൻഷൻ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സംഘർഷ സാധ്യതയുണ്ടായിട്ടും പോലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് മർദ്ദിച്ചത്.
Discussion about this post