തളിപ്പറമ്പ്: സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ ലോട്ടറിയിൽ അജയകുമാറിന് ലഭിച്ചത് 40,000 രൂപ. എടുത്ത ലോട്ടറിക്ക് സമ്മാനമില്ലെന്ന് കണ്ട് ഒരു കടയിലെ ചവറ്റുകൊണ്ടയിലാണ് ലോട്ടറി ഉപേക്ഷിച്ചുപോയത്. ശേഷം, കടയുടമ വൈകീട്ട് ചവറ്റുകൊട്ടയിലെ ലോട്ടറികൾ വെറുതെയെടുത്ത് പരിശോധിച്ചപ്പോഴാണ് 40,000 രൂപ അടിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
പിന്നീട് ലോട്ടറി കളഞ്ഞ അജയകുമാറിനെ തേടി കാക്കത്തോട്ടിലെ ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ പി.പി. രഞ്ജു ഇറങ്ങി. സമ്മാനം അടിച്ച ലോട്ടറി അജയകുമാറിന് കൈമാറുകയും ചെയ്തു. ഈ സത്യസന്ധതയ്ക്ക് വലിയൊരു കൈയ്യടിയാണ് നാടും നാട്ടുകാരും സോഷ്യൽമീഡിയയും നൽകുന്നത്.
സംഭവം ഇങ്ങനെ;
വെള്ളിയാഴ്ച വൈകീട്ട് കട അടിച്ചുവാരി വൃത്തിയാക്കുമ്പോഴാണ് രഞ്ജുവിന് ചവറ്റുകൊട്ടയിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ കിട്ടിയത്. രഞ്ജു ഫലം നോക്കിയപ്പോൾ ഒരു ടിക്കറ്റിന് 5000 രൂപവെച്ച് എട്ട് ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചതായി മനസ്സിലാക്കി. വൈകീട്ട് കടയിൽ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ പൂമംഗലത്തെ എ. ഷൈജുവിനോടും കെ.വി. മനോജിനോടും ഇക്കാര്യം പറഞ്ഞു.
ഉടൻതന്നെ മൂന്നുപേരും ചേർന്ന് ഉടമസ്ഥനെ അന്വേഷിച്ചു. ഉച്ചയ്ക്ക് വർക്ക് ഷോപ്പിൽ വാഹനം അറ്റകുറ്റപ്പണി നടത്താൻ വന്ന തിരുവട്ടൂരിലെ ചെങ്കൽ കയറ്റുതൊഴിലാളി അജയകുമാറാണ് ലോട്ടറിയുടെ അവകാശിയെന്ന് കണ്ടെത്തി.
തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ചന്ദ്രന്റെ സാന്നിധ്യത്തിൽ അജയകുമാറിന് ഇവർ ടിക്കറ്റ് തിരിച്ചേൽപ്പിച്ചു. പൂമംഗലത്ത് റോഡിലെ അറ്റകുറ്റപ്പണികൾ സന്നദ്ധസേവനത്തിലൂടെ പൂർത്തിയാക്കിയതിനും രഞ്ജുവും കൂട്ടുകാരും പ്രശംസ പിടിച്ചുപറ്റിയിരുന്നു.