തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് വിദേശത്തേക്ക് പോകുന്നു. ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ’എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനായാണ് ബിജു പ്രഭാകർ യാത്ര തിരിക്കുക. ഈ വിഷയത്തിലെ സെമിനാർ മേയ് 11, 12 തീയതികളിലായിരിക്കും സംഘടിപ്പിക്കുക.
അതേസമയം, ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതിനിടെ എംഡി മിച്ചമുള്ള ഫണ്ടുപയോഗിച്ച് വിദേശത്തേക്ക് പോകുന്നതിൽ ജീവനക്കാർക്കും വിമർശനമുണ്ട്. എന്നാൽ കാലാകാലങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളിലെ തലവന്മാർ വിദേശയാത്ര നടത്തുന്നത് പതിവായതിനാൽ എതിർക്കുന്നത് ശരിയല്ലെന്നും ജീവനക്കാർക്കിടയിൽ അഭിപ്രായമുണ്ട്.
മെയ് 11 മുതൽ 14വരെയാണ് ബിജു പ്രഭാകർ നെതർലൻഡ് തലസ്ഥാനമായ ആംസ്റ്റർഡാം സന്ദർശിക്കുന്നത്. സെമിനാറിൽ പങ്കെടുക്കുന്നതിന് പുറമെ നഗരഗതാഗതത്തെക്കുറിച്ച് പഠിക്കാൻ കൂടിയാണ് എംഡിയുടെ വിദേശയാത്ര. 13, 14 തീയതികളിൽ നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിൽ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര.
അതേസമയം, ബിജു പ്രഭാകറിന്റെ യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. മുൻ സർക്കാരുകളുടെ കാലത്തും കെഎസ്ആർടിസി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാക്കാലത്തും ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാരിന് പരിമിതികളുണ്ട്. സാമ്പത്തികമായ ഞെരുക്കം എല്ലാ മേഖലകളിലുമുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ചെലവും വഹിക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.