നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി വഞ്ചിച്ചു, രണ്ടുതവണ കുടി ഒഴിപ്പിയ്ക്കൽ നോട്ടീസ് കിട്ടിയത് മറച്ചുവെച്ച് 40 ലക്ഷം രൂപ വാങ്ങി; നടൻ ബാബുരാജിനെതിരെ ആരോപണം, കേസ്

Baburaj | Bignews Live

അടിമാലി: മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചെന്ന വ്യവസായിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുൺകുമാറാണ് പരാതിക്കാരൻ. ഒന്നരമാസം മുൻപ് കോടതി നിർദേശപ്രകാരം ബാബുരാജിന്റെ പേരിൽ കേസെടുത്ത അടിമാലി പോലീസ് തുടർനടപടി സ്വീകരിച്ചില്ല.

ഹോട്ടലുടമ ശമ്പളം നല്‍കിയില്ല; തൃശൂരില്‍ നടുറോഡില്‍ മണ്ണെണ്ണ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

ഇത് കാണിച്ച് പരാതിക്കാരൻ വെള്ളിയാഴ്ച കോടതിയിൽ പരാതി നൽകി. പിന്നാലെയാണ് താരത്തിനെതിരെ പോലീസ് കേസെടുത്തത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ടാണ് അരുൺകുമാർ പരാതി നൽകിയത്. 2020 ജനുവരിയിൽ ഈ റിസോർട്ട് അരുണിന് നടൻ പാട്ടത്തിന് നൽകി. കരുതൽ ധനമായി 40 ലക്ഷം രൂപയും ബാബുരാജ് കൈപ്പറ്റിയിരുന്നു.

എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോർട്ട് തുറക്കാനായില്ല. 2021-ൽ തുറക്കാൻ തീരുമാനിച്ചു. സ്ഥാപന ലൈസൻസിനായി പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷ നൽകി. തുടർന്നാണ് അരുൺകുമാർ സത്യങ്ങൾ അറിഞ്ഞത്. റിസോർട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വർഷങ്ങൾക്ക് മുൻപ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും ലൈസൻസ് നൽകാൻ കഴിയില്ലെന്നുമാണ് പഞ്ചായത്ത് അറിയിച്ചത്.

മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ്. ഇതിൽ അഞ്ചുകെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടുള്ളത്. തുടർന്ന് ബാബുരാജിന് നൽകിയ 40 ലക്ഷം രൂപ അരുൺ തിരികെ ആവശ്യപ്പെട്ടു. എന്നാൽ പല അവധി പറഞ്ഞെങ്കിലും തുക നൽകാൻ ബാബുരാജ് തയ്യാറായില്ലെന്ന് അരുൺ പരാതിയിൽ പറയുന്നു.

2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കൽ നോട്ടീസ് നൽകിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ ആരോപിച്ചു. ഇതേത്തുടർന്ന് അരുൺ കഴിഞ്ഞ മാർച്ചിൽ അടിമാലി കോടതിയിൽ ബാബുരാജ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നൽകി. പരാതി സ്വീകരിച്ച കോടതി അടിമാലി പോലീസിനോട് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാൻ നിർദേശിച്ചു.

പോലീസ് അന്നുതന്നെ കേസ് രജിസ്റ്റർചെയ്തു. എന്നാൽ ഇതുവരെ തുടർ അന്വേഷണം നടത്തിയില്ലെന്നും ബാബു രാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകപോലും ചെയ്തിട്ടില്ലെന്നും കാണിച്ചാണ് വീണ്ടും പരാതി നൽകിയത്. രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ വന്നില്ലെന്നാണ് അടിമാലി പോലീസിന്റെ വിശദീകരണം.

Exit mobile version