കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായി ശ്രുതി സിത്താരയും ദയ ഗായത്രിയും. രണ്ട് വര്‍ഷത്തെ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും അറിയിച്ചത്. മിസ് ട്രാന്‍സ് ഗ്ലോബല്‍ പട്ടം നേടിയ ശ്രുതിയും ടിക് ടോക്കിലൂടെ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയായ ദയയും ഇപ്പോള്‍ ലിവ് ഇന്‍ ടുഗദറിലാണ്. സുഹൃത്തുക്കളെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു.
ജീവിതത്തിലെ നിര്‍ണായക തീരുമാനത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചുമെല്ലാം ദയയും ശ്രുതിയും വാചാലയായിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.
ദയയുടെ സുഹൃത്തായിരുന്ന സിദ്ധാര്‍ത്ഥ് നാഥും പുതിയ ജീവിതത്തിന് ആശംസ അറിയിച്ചെത്തിയിരുന്നു. ദയയുടെയും ശ്രുതിയുടെയും റിലേഷന്‍ഷിപ്പ് വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകളില്‍ ദയ എന്നെ തേച്ചെന്നും ഒഴിവാക്കിയെന്നും ഒക്കെയാണ്. തെറ്റുകാരന്‍ ഞാനാണ് ദയ അല്ല. ദയ എന്നെ ചതിച്ചിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.
തെറ്റുപറ്റാത്ത മനുഷ്യരില്ലല്ലോ, വലിയ തെറ്റുകള്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞാനായിട്ട് തന്നെയാണ് ഈ ബന്ധം അവസാനിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തതും. ജീവിതത്തില്‍ ഒറ്റയ്ക്ക് മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് ദയ. അതുകൊണ്ട് അവളുടെ ജീവിതത്തിലേക്ക് ശ്രുതിയെ തിരഞ്ഞെടുത്തു.
ദയയേക്കാള്‍ ബെറ്ററായിട്ടുള്ള ആളെ എനിക്ക് കിട്ടും എന്ന കമന്റുകള്‍ കണ്ടു. അവളേക്കാള്‍ ബെറ്ററായിട്ടുള്ള ആരേം കിട്ടില്ലെന്നതാണ് സത്യം. അവരുടെ രണ്ടുപേരുടേയും നല്ല സുഹൃത്തായിരിക്കാന്‍ ഞാന്‍ ശ്രമിക്കും. പൂര്‍ണമനസോടെ എന്റെ കുഞ്ഞിക്കും ശ്രുതിക്കും ആശംസകള്‍ എന്നുമായിരുന്നു സിദ്ധാര്‍ത്ഥ് കുറിച്ചത്.
രണ്ടുവര്‍ഷത്തോളമായി മനസിലുണ്ടായിരുന്ന ഇഷ്ടമാണ് ശ്രുതിയേയും ദയയേയും ഒന്നിപ്പിക്കുന്നത്. ബ്രേക്ക് അപ്പ് ഏല്‍പ്പിച്ച ആഘാതത്തില്‍ തളര്‍ന്നുപോയപ്പോള്‍ ശ്രുതി കരുതലും തുണയുമായിരുന്നെന്ന് ദയ പറയുന്നു. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും നിറഞ്ഞ സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. പല തവണ തുറന്നു പറയാന്‍ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ലെന്നും എന്നാല്‍ പറയാതെ പറഞ്ഞ നിമിഷങ്ങളുണ്ടെന്നും ഇരുവരും പറയുന്നു.
സമ്മര്‍ദ്ദങ്ങളിലും വീഴ്ചയിലുമെല്ലാം ഒന്നിച്ചായിരുന്നു ഇരുവരും. ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട തീരുമാനം കൂടിയാണ് ഈ ഒന്നാവലെന്നും ദയ പറയുന്നു. ബ്രേക്കപ്പിനെ നേരിടുമ്പോള്‍ ശ്രുതി കൂടെയുണ്ടായിരുന്നു. എന്തും പറയാവുന്ന ചങ്ങാതിയാണ് അവള്‍. ലിവിങ്ങ് ടു ഗെതറില്‍ തുടരുകയാണ് ഇരുവരും.
ഈ ലോകത്തെ ബെസ്റ്റ് ട്രാന്‍സ് കപ്പിള്‍സ് ആവാനാണ് ആഗ്രഹം. ലെസ്ബിയന്‍ കപ്പിള്‍സ് എന്ന് കേള്‍ക്കുമ്പോഴുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളെക്കുറിച്ചുമൊക്കെ നല്ല ബോധ്യമുണ്ട്. വിമര്‍ശനങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ലെന്നും ഇരുവരും പറയുന്നു. പരിഹസിക്കുന്നവര്‍ അത് തുടരട്ടെ. അവരുടെ വായ മൂടിക്കെട്ടാനൊന്നും ആവില്ലല്ലോയെന്നായിരുന്നു ശ്രുതി പറഞ്ഞത്.
വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. ലോകത്തിലെ തന്നെ മികച്ച ട്രാന്‍സ് കപ്പിളാകണമെന്നും ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നും ഉള്‍പ്പെടെ ഒരുപാട് ആഗ്രഹങ്ങളുണ്ട്. സമൂഹമാധ്യമങ്ങളിലും പുറത്തും ഒരുപാട് കുത്തുവാക്കുകള്‍ പ്രതീക്ഷിച്ച് തന്നെയാണ് ഒന്നാകാന്‍ തീരുമാനിച്ചത്. അതൊന്നും കൂസാതെ ഞങ്ങളുടെ സ്വപ്നങ്ങളില്‍ ജീവിക്കും. വിമര്‍ശകരുടെ വാ മൂടി കെട്ടാന്‍ കഴിയില്ല. പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെയെന്ന് ശ്രുതി പറയുന്നു.