കൊട്ടാരക്കര: മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് വിഭജനം സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പായില്ല. തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം നടന്ന മധ്യസ്ഥ ചർച്ചയും അലസിപ്പിരിഞ്ഞു. ഈ ചർച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കും.
ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നാണ് മൂത്തമകൾ ഉഷ മോഹൻദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണൻ, കെബി ഗണഷ്കുമാർ എംഎൽഎ എന്നിവരാണു കേസിലെ എതിർകക്ഷികൾ. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചർച്ചയിൽ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെബി ഗണേഷ്കുമാർ സമയം ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കു ഗണേഷ്കുമാർ തയാറായില്ല.
ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്നാണ് ഉഷ മോഹൻദാസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നത്. വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്.
ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു. മധ്യസ്ഥ ചർച്ച നടത്തിയ അഡ്വ. എൻ സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.
അതേസമയം, ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഉള്ളതെന്നു കോടതിയിൽ മകൾ ഉഷ മോഹൻദാസ് സത്യവാങ്മൂലം സമർപ്പിച്ചു. 33 വസ്തു വകകളുടെ പൂർണ വിവരങ്ങൾ കൊട്ടാരക്കര സബ് കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
also read- കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികളെ ഷണ്ഡീകരണത്തിന് വിധേയരാക്കും; മൂന്ന് വയസുകാരി പീഡനത്തിന് ഇരയായതോടെ നിയമം പൊളിച്ചെഴുതാൻ പെറു
വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. കൂടാതെ 270 പവൻ സ്വർണാഭരണങ്ങളും ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് ഉഷ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്.
Discussion about this post