വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങി; മഞ്ചേരിയിലെ യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്ന് തമിഴ് യുവതി

മലപ്പുറം: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങിയ മലപ്പുറത്തെ യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം. തമിഴ്‌നാട് പഴനി സ്വദേശിനിയായ 24കാരിയാണ് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടിലെത്തിയത്. മൂന്ന് ദിവസമായി വീട്ടുപടിയ്ക്കല്‍ കുത്തിയിരിപ്പ് സമരത്തിലായിരുന്നു.

ഏഴ് മാസം മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി ചെന്നൈയിലെത്തിയ 22കാരന്‍ കൊടാക് ബാങ്ക് ജീവനക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അവിടെ ഒരുമിച്ച് താമസവും തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പാണ് ഉടന്‍ തിരിച്ചു വരുമെന്ന് വാക്ക് നല്‍കിയ യുവാവ് നാട്ടിലേക്ക് തിരിച്ചത്. പിന്നീട് യുവാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്.

ഇക്കഴിഞ്ഞ 13ന് തനിച്ച് മഞ്ചേരിയിലെത്തിയ ഇവര്‍ ഏറെ അന്വേഷണങ്ങള്‍ക്ക് ശേഷം കാമുകന്റെ വീടു കണ്ടുപിടിച്ചു. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ തള്ളിയതോടെ യുവതി വീട്ടുമുറ്റത്തു തന്നെ ഇരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ മാറ്റിയെങ്കിലും തിങ്കളാഴ്ച മുതല്‍ സത്യഗ്രഹ സമരം ആരംഭിക്കുകയായിരുന്നു.

ഇതോടെ വീട്ടുകാര്‍ വാതില്‍ പൂട്ടി പുറത്തുപോയെങ്കിലും യുവതി സമരം തുടര്‍ന്നു. ഒടുവില്‍ പോലീസെത്തിയാണ് യുവതിയെ സ്റ്റേഷനിലേക്ക് മാറ്റിയത്. ചെന്നൈയില്‍ നടന്ന സംഭവമായതിനാല്‍ ഇവിടെ കേസ്സെടുക്കാന്‍ നിര്‍വ്വാഹമില്ലെന്ന നിലപാടിലാണ് മഞ്ചേരി പോലീസ്. ചെന്നൈയില്‍ പരാതി നല്‍കി എഫ്‌ഐആര്‍ രേഖപ്പെടുത്തുന്ന പക്ഷം പ്രതിയെ അറസ്റ്റു ചെയ്യാമെന്ന പോലീസിന്റെ ഉറപ്പിന്മേലാണ് യുവതി തിരികെ പോകാന്‍ തയ്യാറായത്.

Exit mobile version