പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന
പരാതിയില്‍ ആരോപണ വിധേയനായ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന ചിറ്റാര്‍ സ്വദേശി ഡ്രൈവര്‍ ഷാജഹാനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ബംഗളൂരുവില്‍ പഠിക്കുന്ന പിജി വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം നടന്നത്. കോട്ടയത്ത് നിന്നാണ് പിജി വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ കൃഷ്ണ ഗിരിക്ക് സമീപം വെച്ചാണ് അതിക്രമം നടന്നത്.
ദീര്‍ഘ ദൂര ബസില്‍ മാറി മാറി ഓടിക്കാനായി രണ്ട് ഡ്രൈവര്‍മാരാണ് ഉണ്ടാവുക. രണ്ടാമത്തെ ഡ്രൈവര്‍ ബസ് ഓടിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ ഷാജഹാന് ലൈംഗികാതിക്രമം നടത്തിയതെന്നായിരുന്നു ആക്ഷേപം. ബസിന്റെ ജനല്‍പാളി നീക്കാന്‍ അരികിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.
ഇമെയില്‍ വഴി നല്കിയ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ഡ്രൈവര്‍ ഷാജഹാന് രംഗത്ത് എത്തി. ആരോപണം മനപ്പൂര്‍വം തന്നെ തേജോവധം ചെയ്യാനാണ് എന്നും പിന്നില്‍ സ്വകാര്യ ബസ് ലോബി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് ഷാജഹാന്റെ ആരോപണം.
Discussion about this post