കണ്ണൂര്‍: കണ്ണൂര്‍ ആംഡ് പോലീസ് ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍ നിന്ന് കശുവണ്ടി ശേഖരിക്കാന്‍ പോലീസും. കണ്ണൂര്‍ ആംഡ് പോലീസ് ഡെപ്യൂട്ടി കമാണ്ടന്റ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഉറക്കിയത്.
ബറ്റാലിയന് പരിധിയിലെ ഏക്കറ് കണക്കിന് ഭൂമിയിലെ കശുവണ്ടികള്‍ ശേഖരിക്കുന്നത് ചില്ലറ പണിയല്ല. കമാന്‍ഡന്റ്, അസിസ്റ്റന്റ് കമാന്‍ഡന്റിന് നല്‍കിയതാണെങ്കിലും പണി ചെയ്യേണ്ടിവരുന്നത് തങ്ങളായിരിക്കുമെന്ന ആശങ്കയിലാണ് ബറ്റാലിയനിലെ പോലീസുകാര്‍.
ബി കമ്പനിയിലെ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിക്കാണ് കശുവണ്ടി ശേഖരിക്കാനുള്ള ചുമതല. ഹെഡ് ക്വാര്‍ട്ടേഴ്സിലെയും ഈ കമ്പനിയിലെയും രണ്ട് ഹവില്‍ദാര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
കശുമാവുകള്‍ ആരും ലേലം കൊള്ളാത്ത സാഹചര്യത്തിലാണ് ഉത്തരവ്. കശുവണ്ടികള്‍ പാഴാകാതെ ബറ്റാലിന് അസി. കമാന്‍ഡന്റ് ശേഖരിക്കണം. ശേഖരിച്ചാല്‍ മാത്രം പോര, ആഴ്ചതോറും കൃത്യമായ തൂക്കം കമാന്‍ഡന്റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
ബറ്റാലിയന് വസ്തുവിലെ കശുമാവുകളുടെ ലേലം നാലു തവണ നടത്തിയെങ്കിലും വിപണിയില്‍ കശുവണ്ടിയുടെ വില കുറഞ്ഞത് ചൂണ്ടിക്കാട്ടി ആരും ലേലം കൊള്ളാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പാകമായ കശുവണ്ടികള്‍ താഴെ വീണ് നശിക്കുന്ന സ്ഥിതിയായി. ഇത് മറികടക്കാനാണ് കമാന്‍ഡന്റിന്റെ പുതിയ ഉത്തരവ്.
ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളിലുള്ള കശുമാവുകളിലെ പാകമായ കശുമാങ്ങ നിലത്തുവീണ് നശിക്കുന്ന സാഹചര്യമാണ് ഇത്തരം ഒരു നിര്‍ദേശത്തിന് പിന്നില്‍ എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. കശുവണ്ടി ശേഖരിക്കാന്‍ നാലു തവണ ലേലം വിളിച്ചിരുന്നു. എന്നാല്‍ ആരും ലേലം കൊണ്ടിരുന്നില്ല.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണം കുറഞ്ഞതും, കശുവണ്ടി ഉല്പാദനത്തില് കുറവുവരുകയും വില കുറയുകയും ചെയ്തതാണ് തിരിച്ചടിയായത്.
ഈ സാഹചര്യത്തില്‍ പാകമായി വീഴുന്ന കശുവണ്ടികള്‍ നശിച്ച് പോവാതിരിക്കാനാണ് ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കേണ്ടി വരുന്നത് എന്നും ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉത്തരവിന് എതിരെ സേനയ്ക്കുള്ളില്‍ തന്നെ മുറുമുറുപ്പുണ്ട്. പോലീസുകാര്‍ക്കിടയില്‍ ട്രോളുകള്‍ ഉള്‍പ്പെടെ വിഷയത്തില്‍ പ്രചരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post