മാനന്തവാടി: വയനാട്ടിൽ ഹോം സ്റ്റേ പെർമിറ്റിനായി തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിച്ചയാളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിലായി. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രേഡ് (രണ്ട്) ഓവർസിയർ താമരശ്ശേരി സച്ചിദാനന്ദം വീട്ടിൽ പി സുധി(52) ആണ് പിടിയിലായത്. ഇയാളെ വയനാട് വിജിലൻസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് 25-ന് കെട്ടിട നിർമാണ കരാറുകാരനായ വ്യക്തി ഉടമകൾക്കു വേണ്ടി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ സ്വദേശികൾക്കായാണ് കോറോം മരച്ചുവട് മണിക്കല്ലിൽ ഹോം സ്റ്റേ നിർമിച്ചത്. കരാറുകാരൻ മുമ്പും ഹോം സ്റ്റേക്കായി പെർമിറ്റ് സമ്പാദിച്ചിരുന്നു. അന്ന് ഓവർസിയറായ സുധി പണം ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല.
പിന്നീട് പുതിയ പെർമിറ്റിനായി സമീപിച്ചപ്പോൾ പെർമിറ്റ് നൽകുന്നതിനു മുന്നോടിയായുള്ള സ്ഥലം സന്ദർശിക്കാതെ ഓവർസിയർ സുധി അപേക്ഷയിൽ കാലതാമസം വരുത്തി. പെർമിറ്റ് നൽകണമെങ്കിൽ അയ്യായിരം രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കരാറുകാരനായ കെപി ഷമീൽ വിജിലൻസിനെ സമീപിച്ചത്.
തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഹോം സ്റ്റേ നിർമിക്കുന്ന സ്ഥലത്തു നിന്നാണ് വിജിലൻസ് നൽകിയ പണം ഷമീൽ സുധിക്ക് കൈമാറിയത്. ഇത് മുമ്പ് പെർമിറ്റ് നൽകിയ ഹോംസ്റ്റേക്കാണെന്നും പുതിയതിന് പെർമിറ്റ് ലഭിക്കാൻ അയ്യായിരം രൂപകൂടി വേണമെന്നും സുധി ഷമീലിനെ അറിയിച്ചു. ഈ സമയം സ്ഥലത്ത് മാറിനിന്ന വിജിലൻസ് സംഘം സുധിയെ കൈയോടെ പിടികൂടുകയായിരുന്നു.സുധിയെ ബുധനാഴ്ച തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വയനാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയുടെ ചുമതലയുള്ള ഇൻസ്പെക്ടർ പി ശശിധരൻ, വിജിലൻസ് ഇൻസ്പെക്ടർ എയു ജയപ്രകാശ്, എഎസ്ഐമാരായ കെജി റെജി, വിജെ ജോൺസൺ, കെപി സുരേഷ്, പിപി ഗോപാലകൃഷ്ണൻ, വിഎ ഷാജഹാൻ, എംപി ബിനോയി, എസ് ബാലൻ, പിവി അജിത്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ടിസി സുബിൻ, എം പ്രശാന്ത് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.
Discussion about this post