ആരോഗ്യനില തൃപ്തികരം: നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു

കൊച്ചി: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസന്‍ കൊച്ചി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി വിടുന്നത്.

ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. ശ്രീനിവാസന്റെ ആരോഗ്യവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും തൃപ്തികരമാണെന്നുമാണ് ഡോ. അനില്‍ എസ്ആര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു

മാര്‍ച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു.

ശ്രീനിവാസന്റെ രോഗവിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശ്രീനിവാസന്‍ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതല്‍ ആയിപ്പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല- മനോജ് രാംസിംഗ് ഷെയര്‍ ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

‘ലൂയിസ്’ എന്ന ചിത്രമാണ് ശ്രീനിവാസന്റേതായി ഇനി എത്താനുള്ളത്. നവാഗതനായ ഷാബു ഉസ്മാന്‍ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസന്‍ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

Exit mobile version