കോഴിക്കോട്: മിശ്രവിവാഹത്തിന്റെ പേരിൽ വിവാദത്തിലായ കോഴിക്കോട് സ്വദേശിയായ എംഎസ് ഷെജിൻ താൻ മുമ്പ് മറ്റൊരു ക്രിസ്ത്യാനി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന് വെളിപ്പെടുത്തി. നേരത്തെ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു.
എന്നാൽ, ധ്യാനകേന്ദ്രത്തിൽ പോയി മടങ്ങി വന്ന പെൺകുട്ടി തീരുമാനം മാറ്റിയതിനാൽ വിവാഹം നടന്നില്ല. പിന്നീടാണ് ജോയ്‌സന ജീവിതത്തിലേക്ക് വന്നതെന്നും ഷെജിൻ പറഞ്ഞു. ജോയ്സ്ന ജോസഫിനെയാണ് ഷെജിൻ വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ വിവാഹത്തെ എതിർത്തിരുന്നവർ ലൗജിഹാദാണെന്ന ആരോപണം ഉയർത്തിയതോടെയാണ് സംഭവം മാധ്യമശ്രദ്ധയാകർഷിച്ചത്.
ഷെജിന് മറ്റ് പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നു എന്നും ഇതിനിടെ ആരോപണം ഉയർന്നു. ഇതോടെയാണ് ഈ ആരോപണത്തിന് മറുപടിയായി തനിക്ക് മൂന്നുനാലു വർഷം മുൻപ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായി ഷെജിൻ വെളിപ്പെടുത്തിയത്.
‘അതും ഒരു ക്രിസ്ത്യൻ പെൺകുട്ടിയായിരുന്നു.ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച്, വീട്ടിൽ വിവരം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അവളെ പാലക്കാട്ട് ഒരു ധ്യാനത്തിനു കൊണ്ടുപോയി. അതിനു മുൻപ് അവൾ എനിക്കു മെസേജ് അയച്ചു, ‘സഖാവേ, പ്രാർഥിക്കണേ’ എന്ന്. പക്ഷേ, മടങ്ങി വന്നപ്പോൾ അവളുടെ മനസ്സു മാറി. എനിക്കു ക്രിസ്ത്യാനിയായി ജീവിച്ചാൽ മതി, മാതാപിതാക്കളെ അനുസരിക്കാതിരിക്കാൻ കഴിയില്ല, നമുക്ക് പിരിയാം എന്നായി. അങ്ങനെ പറയുന്നൊരാളോടു പിന്നെ എന്തു പറയാൻ?’ ഷെജിൻ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ പിറന്നാളിന് ജോയ്സ്ന അയച്ച ഒരു മെസേജ് ആണ് പ്രണയത്തിലേക്കെത്തിച്ചതെന്നു ഷെജിൻ പറയുന്നു. തന്നെക്കുറിച്ചുള്ള നല്ലവശങ്ങളും നെഗറ്റിവുകളും പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് ബന്ധം തുടങ്ങിയതെന്നും ഷെജിൻ വെളിപ്പെടുത്തി.
Discussion about this post