എറണാകുളം: ജോയ്‌സ്‌ന സ്വന്തം മതവിശ്വാസത്തില്‍ അവസാനം വരെ ജീവിക്കുമെന്ന് ഭര്‍ത്താവ് ഷെജിന്‍. ജോയ്‌സ്‌നയെ തനിക്കൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും ഷെജിന്‍ പറഞ്ഞു.
അതേസമയം,’ദീപികക്കാരോട് പറയാനുള്ളത് ജോയ്സ്ന ജോയ്സ്‌നയുടെ മതവിശ്വാസത്തില്‍ ജീവിതാവസാനം വരെ ജീവിക്കും. ഞാനെന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചും ജോയ്സ്‌ന അവളുടെ മതവിശ്വാസത്തിനും അനുസരിച്ചു ജീവിക്കും. അതിലൊരു തര്‍ക്കവുമില്ലെന്നും ഷെജിന്‍ ദീപിക ദിനപത്രത്തിലെ വിമര്‍ശനാത്മക എഡിറ്റോറിയലിന് മറുപടിയായി പറഞ്ഞു.
വിവാദങ്ങള്‍ ഇനി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാഹചര്യങ്ങള്‍ അനുകൂലമാവുമ്പോള്‍ ജോയ്‌സ്‌നയുടെ മാതാപിതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ഷെജിന്‍ പറഞ്ഞു.
ഞങ്ങള്‍ക്കെതിരെ ഇപ്പോഴും ക്യാമ്പയിന്‍ തുടരുന്നുണ്ട്. ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ ഞങ്ങളുടെ പിറകെ തന്നെയാണ്. അതിനെ അവഗണിക്കുന്നു. കാസ എന്ന സംഘടനയില്‍ നിന്നാണ് വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പ്രചരണമുണ്ടായത്. അതിനെപറ്റിയുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഷെജിന്‍ പറഞ്ഞു.
ജോയ്‌സ്‌നയെ തട്ടിക്കൊണ്ടു പോയതാണെന്ന കുടുംബത്തിന്റെ ആരോപണം അവര്‍ത്തിക്കുകയാണ് ദീപികയുടെ എഡിറ്റോറിയലില്‍. ഇക്കാര്യങ്ങള്‍ സ്ഥീരികരിക്കാന്‍ അന്നുണ്ടായ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ജോര്‍ജ് എം തോമസിന്റെ പ്രതികരണവും നിലപാട് മാറ്റവും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്‌സ്‌ന വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഷെജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി യുവതിക്ക് അനുമതി നല്‍കിയത്. പെണ്‍കുട്ടി അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ പെണ്‍കുട്ടിക്ക് പക്വതയായെന്നും കോടതി ചൂണ്ടിക്കാട്ടി.
ജോയ്‌സ്‌നയെ അനധികൃത കസറ്റഡിയിലെന്ന് കാണിച്ച് പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ വിധി.