കൊച്ചി: സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും തനിയ്ക്ക് വധഭീഷണിയുണ്ടായെന്ന് അറിയിച്ച് സംവിധായകന് ഒമര്‍ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂര്‍ ജോസ്.
എന്നാല്‍ പുതിയ സിനിമകളില്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ജോസില്‍ നിന്നും വധഭീഷണിയുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മാര്‍ച്ച് 31ന് കണ്ണൂരില്‍ വെച്ച് പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നിരുന്നു. വാഴൂര്‍ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കര്‍മ്മത്തില്‍ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാന്‍ പ്രതീഷ് ശേഖര്‍ എന്ന വ്യക്തിയ്ക്ക് വര്‍ക്ക് നല്‍കിയിരുന്നു. ഉടന്‍ ഞാന്‍ നിര്‍മ്മാതാവ് സിഎച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടന് വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് അറിഞ്ഞത്.
വാഴൂര്‍ ജോസ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താനാണ് പിആര്‍ഒ എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാന്‍ ഫേസ്ബുക്കില്‍ പിആര്‍ഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമര്‍ ലുലു പറയുന്നു.
ഇതിന് പിന്നാലെയാണ് വാഴൂര്‍ ജോസിന്റെ ഭീഷണി കോള്‍ വന്നത് എന്ന് ഒമര്‍ ലുലു പറയുന്നു. ‘ഒമര്‍ എന്തിനാണ് എഫ്ബിയില്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് വാഴൂര്‍ ജോസ് ചോദിച്ചു. ജോസേട്ടനെ ഞാന്‍ പിആര്‍ഒ ജോലി ഏല്‍പ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കിയത് ഏന് ഞാനും ചോദിച്ചു. ഒമറേ അങ്ങനെ ആണെങ്കില്‍ നിനക്കുള്ള പണി ഞാന്‍ തരാം. നിന്നേ തീര്‍ത്തുകളയും എന്ന് വാഴൂര്‍ ജോസ് ഭീഷണിപ്പെടുത്തി,’. ഒമര്‍ ലുലു പറഞ്ഞു.
ഇന്നാണ് പുതിയ സിനിമകള്‍ക്കായി വാഴൂര്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിച്ചതായി ഒമര്‍ ലുലു അറിയിച്ചത്. ‘മലയാള സിനിമയില്‍ നമ്മള് വര്‍ഷങ്ങളായി കാണുന്ന ഒരു പേരാണ് പിആര്‍ഒ വാഴൂര്‍ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന്‍ റെസ്റ്റ് കൊടുത്തു. പവര്‍സ്റ്റാറിന്റെയും നല്ലസമയത്തിന്റെയും പിആര്‍ഒ ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു പ്രതീഷ് ശേഖര്‍ മോനെ പ്രതീഷേ നീയാണ് എന്റെ പ്രതീക്ഷ’ എന്നൊരു പോസ്റ്റും അദ്ദേഹത്തെ പങ്കുവെച്ചിരുന്നു.
‘പവര്‍ സ്റ്റാര്‍’, ‘നല്ല സമയം’ എന്നീ സിനിമകളാണ് ഒമര്‍ ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാറിന് തിരക്കഥ എഴുതിയത് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. പവര്‍ സ്റ്റാര്‍ തിയേറ്ററിലും നല്ല സമയം ഒടിടിയിലുമായിരിക്കും റിലീസ് ചെയ്യുകയെന്ന് ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു.
Discussion about this post