ഗിന്നസ് ബുക്കില്‍ ഇടം നേടാനല്ല, സ്ത്രീകളുടെ അഭിമാനം കാത്തുരക്ഷിക്കാനും, ലിംഗസമത്വം സംരക്ഷിക്കാനും വേണ്ടിയാണ് വനിതാ മതില്‍; എം മുകുന്ദന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുങ്ങുന്ന വനിതാ മതിലിനെ അനുകൂലിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഗിന്നസ് ബുക്കില്‍ ഇടം നേടാനോ, ആരുടെയെങ്കിലും കയ്യടി നേടാനോ അല്ല വനിതാമതില്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ അഭിമാനം കാത്തുരക്ഷിക്കാനും സ്ത്രീകളുടെ ലിംഗസമത്വം സംരക്ഷിക്കാനും വേണ്ടിയാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് എം മുകുന്ദന്‍. വനിതാ മതില്‍ വിജയിച്ചാല്‍ ലോകരാജ്യങ്ങളില്‍ വരെ ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ മുഖ്യ ആരാധനാമൂര്‍ത്തികളായി കാണുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ആരാധന സ്വാതന്ത്ര്യം ഇല്ലാത്തത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തിലാണ് ഇത് സംഭവിക്കുന്നത്. കഷ്ടം തോന്നുന്നു. ഇത്തരം കാര്യങ്ങള്‍ തന്നിലെ എഴുത്തുകാരനെ അശാന്തനാക്കുന്നതായും അദ്ദേഹം പറഞ്ഞു. എഴുത്തച്ഛന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്ക്ക് എവിടെയും സമത്വമില്ല. അവര്‍ക്ക് ഇഷ്ടമുളള ദൈവത്തെ ആരാധിക്കാനുളള സ്വാതന്ത്ര്യവുമില്ല. ഇതിനെതിരെയുള്ള പ്രതീകാത്മക പ്രതികരണമാണ് ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

Exit mobile version