തിരുവനന്തപുരം: യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ട ശേഷം മോചനദ്രവ്യമായി പണം ആവശ്യപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ സോണി (18) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. ഇരുപതുകാരനായ യുവാവിനെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്.
വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശിയായ ഇരുപതുകാരനെയാണ് പൂട്ടിയിട്ടത്. ഇയാൾ ഒരു മൊബൈൽ ഷോപ്പിൽ തൊഴിലാളിയായിരുന്നു. ഈ ഷോപ്പിലേക്ക് വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പർ വാങ്ങി വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കുന്നത് പതിവായിരുന്നു. ഇതിനിടയിൽ ഭർത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി.
ഈ സമയത്ത് ഭാര്യയുടെ മൊബൈലിൽ വന്നിരുന്ന സന്ദേശം തപ്പിയെടുത്ത ഭർത്താവ് കല്ലുവെട്ടാൻ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ എത്തിയ 20കാരനെ പ്രതികൾ രണ്ടു ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിട്ടയക്കുന്നതിനായി യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു.
അഡ്വാൻസായി പതിനായിരം രൂപ നൽകിയ യുവാവ് ബാക്കി പണം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളിൽ നിന്ന് വാങ്ങി നൽകാമെന്ന് ഉറപ്പു നൽകി. ഇതനുസരിച്ച് യുവാവും യുവതിയുടെ ഭർത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറിൽ കഴക്കൂട്ടത്തേക്ക് തിരിച്ചു. യാത്രക്കിടയിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം കാർ നിർത്തിയ യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറി. ഇതു കണ്ട പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
യുവാവിന്റെ പരാതി സ്വീകരിച്ച വിഴിഞ്ഞം പോലീസിന്റെ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഒരാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും മറ്റ് രണ്ടു പേർക്കായുള്ള അന്വേഷണം തുടരുന്നതായും വിഴിഞ്ഞം പോലീസ് അറിയിച്ചു.
Discussion about this post