ചെന്നൈ: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓൺലൈൻ ഡെലിവറി ബോയിയെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയായ മലയാളി ഗുണ്ട ചെന്നൈയിൽ അറസ്റ്റിൽ. തമിഴ്‌നാട്ടിലടക്കം 20ൽ അധികം കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച, തേനാംപെട്ടിൽ വച്ച് ഓൺലൈൻ സ്ഥാപനത്തിന്റെ ഡെലിവറി ബോയിയായ എൻ ജാനകിരാമനെ ഇയാൾ കത്തി കാണിച്ച് ഭയപ്പെടുത്തി കൊള്ളയടിച്ചിരുന്നു.
പണവും ഫോണും തട്ടിയെടുക്കുകയും തന്നെ കുറിച്ചു കൂടുതലറിയാൻ ഗൂഗിൾ ചെയ്തു നോക്കെന്നും ബിനും ഭീഷണി മുഴക്കിയിരുന്നു. ജാനകിരാമൻ ഇക്കാര്യവും പരാതിയിൽ സൂചിപ്പിച്ചിരുന്നു. പിന്നീടു നടന്ന തിരച്ചിലിലാണ് ബിനുവും സഹായിയും അറസ്റ്റിലായത്.
അതേസമയം, പോലീസ് പിടിയിലായതോടെ ഗുണ്ടാ പണി നിർത്തി സ്വസ്ഥമായി ജീവിക്കുകയാണെന്നും വെറുതെ വിടണമെന്നും അപേക്ഷിക്കാനും ബിനു ഇത്തവണയും മടിച്ചില്ല. എന്നാൽ പോലീസ് ഇത്തവണ ബിനുവിന്റെ അപേക്ഷ കേൾക്കാത്ത മട്ടിലാണ്.
ബിനു പാപ്പച്ചൻ ആദ്യം വാർത്തകളിൽ നിറഞ്ഞത് 2018ൽ, 70ലധികം ഗുണ്ടകൾക്കൊപ്പം വടിവാൾ ഉപയോഗിച്ചു കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതോടെയാണ്. അന്ന് കണ്ടാലുടൻ വെടിവച്ചിടാൻ സിറ്റി പോലീസ് കമ്മിഷണർ ഉത്തരവിട്ടതിനെ തുടർന്ന് പേലീസിൽ കീഴടങ്ങിയിരുന്നു. തുടർന്ന് നിരവധി കേസുകളിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ബിനുവിനെക്കുറിച്ച്, പിന്നീടു വിവരമില്ലായിരുന്നു.
ചൂളൈമേടിൽ ചായക്കടയിലെ തൊഴിലാളിയായാണു ബിനു ചെന്നൈയിലെത്തിയത്. കാരാട്ടെയിൽ വിദഗ്ധനായ ബിനു പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സഹായിച്ചാണ് ഗുണ്ടാപണിക്ക് ഇറങ്ങിയത്.
.
Discussion about this post