വനിതാ മതിലിന് കക്ഷിരാഷ്ട്രീയമില്ല! അണിനിരക്കുന്നത് മനുഷ്യരാണ്; 50 ലക്ഷം ആളുകള്‍ മതിലില്‍ പങ്കെടുക്കും; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലില്‍ 50 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മതിലില്‍ അണിനിരക്കുന്നത് മനുഷ്യരാണ്. മതിലിന് കക്ഷിരാഷ്ട്രീയമില്ല. നവോത്ഥാന സംരക്ഷണത്തിന്റെ മതിലാണ് വനിതാ മതിലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലുള്ള അയ്യപ്പജ്യോതിയെ എല്‍ഡിഎഫ് എതിര്‍ത്തിട്ടില്ല. വിശ്വാസത്തിന്റെ ഭാഗമായ പ്രതിഷേധ രൂപമായിട്ടേ കണ്ടിട്ടുള്ളു. അതിനെ രാഷ്ട്രീമായി കാണുന്നില്ല. അയ്യപ്പജ്യോതിയെക്കാള്‍ എത്രയോ ഇരട്ടിയാളുകള്‍ വനിതാ മതിലില്‍ ഒത്തുചേരുമെന്നും കാനം പറഞ്ഞു.

മനസ്സില്‍ സങ്കുചിതത്വം ഉള്ളവരാണ് വര്‍ഗീയ മതില്‍ എന്ന് പ്രചരിപ്പിക്കുന്നത്. വനിതാ മതിലിനെ പിന്തുണയ്ക്കാനും എതിര്‍ക്കാനും ഓരോ സംഘടനയ്ക്കും അവകാശമുണ്ട്. പക്ഷെ ജനങ്ങളെ കബളിപ്പിക്കാന് വേണ്ടി സമദൂരമെന്ന് പറയരുതെന്നും കാനം പറഞ്ഞു. കോണ്‍ഗ്രസ് – ബിജെപി നിലപാട് കേരളത്തിന്റെ ഐക്യത്തിനെതിരാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Exit mobile version