പാലക്കാട്: പാലക്കാട് വീണ്ടും ആക്രമണം. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിക്കുകയായിരുന്നു.
വിഷുദിനമായ ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. എലപ്പുള്ളി സ്വദേശി സുബൈറാണ് കൊലപ്പെട്ടത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടു വാഹനങ്ങളിലെത്തിയ അക്രമി സംഘം ഒരു കാര്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പോലീസ് കണ്ടെത്തി.
സുബൈറിന് പിന്നാലെയാണ് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം. രണ്ട് ബൈക്കുകളിലെത്തിയവര്‍ ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുന്നുണ്ട്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് ശ്രീനിവാസന്‍.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഉന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ പാലക്കാട്ടേക്ക് എത്തുമെന്നാണ് വിവരം. സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് തുടര്‍ ആക്രമണം ഉണ്ടാകാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സുബൈര്‍ കൊലപാതകം അന്വേഷിക്കുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.