കൊടുങ്ങല്ലൂർ: പണയത്തിലായിരുന്ന ആധാരം തിരികെ എടുക്കാൻ സാധിക്കാതെ വലഞ്ഞ വയോധികയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി. പണയത്തിലായിരുന്ന ആധാരം വായ്പാ കുടിശിക തീർത്ത് തിരിച്ചെടുത്ത് നൽകുകയായിരുന്നു സുരേഷ് ഗോപി. തുടർന്ന് നേരിട്ട് നന്ദി പറയാനെത്തിയ അമ്മയുടെ കാലിൽ തൊട്ട് വണങ്ങി കൈനീട്ടം നൽകുകയും ചെയ്തു അദ്ദേഹം.
പൊട്ടിക്കരഞ്ഞ അമ്മയെ ചേർത്ത് നിർത്തി കൈനീട്ടത്തിനൊപ്പം കണിക്കൊന്നയും അദ്ദേഹം സമ്മാനിച്ചിരുന്നു. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിക്കേഴ്സ് ഹാളിൽ നടത്തിയ വിഷു കൈനീട്ടം പരിപാടിയിലായിരുന്നു സംഭവം.
കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുകയും സ്ത്രീകൾ സുരേഷ് ഗോപിയുടെ കാൽതൊട്ട് വണങ്ങുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വയോധികയുടെ കാലിൽ വണങ്ങുന്ന വീഡിയോ ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിറയുകയാണ്. കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂരിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് വിവാദങ്ങൾക്ക് പിന്നാലെ പ്രചരിക്കുന്നത്.
മുമ്പ് സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയെക്കുറിച്ച് അറിയാൻ ഇടയായത്. പുഷ്പ താമസിക്കുന്ന വീടിന്റെ ആധാരം പണയത്തിലായിരുന്നു.
ഏക ആശ്രയമായിരുന്ന ഇളയ മകൻ മരിച്ചതോടെ ലോട്ടറി വിൽപ്പന തുടങ്ങിയ വയോധികയായ പുഷ്പയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ സുരേഷ് ഗോപി സഹായിക്കാൻ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. പണയത്തിലിരുന്ന ആധാരം താരം തിരിച്ചെടുത്ത് നൽകി. ഇതിന് നന്ദി പറയാൻ കൂടിയാണ് പുഷ്പ കൊടുങ്ങല്ലൂരിലെ പരിപാടിക്ക് എത്തിയത്.