തൃശൂര്‍: വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥന്റെ മൃതദേഹം സംസ്കരിക്കാന്‍ സ്വന്തം മണ്ണില്‍ ഇടം നല്കി മാതൃകയായി വീട്ടുടമ. കാട്ടൂര്‍ ദുബൈമൂല സ്വദേശിയും പൊഞ്ഞനം ജുമാമസ്ജിദ് പ്രസിഡന്റ് പടവലപ്പറമ്പില്‍ മുഹമ്മദാലിയുടെ മകനുമായ ഷാഹുല്‍ ഹമീദാണ് തന്റെ വീട്ടില്‍ താമസിച്ചിരുന്ന കുട്ടമംഗലം സ്വദേശി മലയാറ്റില്‍ ശിവരാമന്റെ (67) മൃതദേഹം സംസ്കരിക്കാന്‍ ഭൂമി നല്‍കിയത്.
സ്വന്തമായി മണ്ണില്ലാത്ത കുടുംബം മൃതദേഹം ദൂരെ ഏതെങ്കിലും ശ്മശാനത്തില്‍ അടക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സംസ്കരിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍, ”നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്തോളൂ” എന്ന മറുപടിയാണ് ഷാഹുല്‍ ഹമീദ് നല്‍കിയത്. ഇതോടെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ വളപ്പില്‍ തന്നെ സംസ്കാര ക്രിയകള്‍ നടത്തി.
”പിതാവിനെപ്പോലൊരാളുടെ മൃതദേഹം സംസ്കരിക്കാന്‍ നിറഞ്ഞ മനസ്സോടെയാണ് സ്ഥലം നല്‍കിയത്” എന്നായിരുന്നു ഷാഹുല്‍ ഹമീദ് പറഞ്ഞു”വിശുദ്ധ റമദാനില്‍ ഇതിലും വലിയൊരു പുണ്യം ഞങ്ങള്‍ക്കിനി കിട്ടാനില്ല” -ശിവരാമന്റെ സഹോദരന് ഉദയന്‍ നിറകണ്ണുകളോടെ പറഞ്ഞു.
വൃക്കരോഗിയായ ശിവരാമന് ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം ദഹിപ്പിച്ചത്. ശിവരാമന്റെ പിതാവ്: കറപ്പക്കുട്ടി. ഭാര്യ: സജിനി. മക്കള്‍: ഷൈന്‍, സോണി.
Discussion about this post