തൃശൂര്‍: വിഷുക്കൈനീട്ടം വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് സുരേഷ് ഗോപി എംപി.
തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് മ്ലേച്ഛന്‍മാരാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ദ്രോഹികളാണ് വിമര്‍ശിക്കുന്നത്. വിമര്‍ശകരോട് പോകാന്‍ പറ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടിപിയെയും ഷുഹൈബിനേയും പോലെ തന്നെ ഇല്ലാതാക്കാന്‍ നോക്കേണ്ട. മ്ലേച്ഛമായ രാഷ്ട്രീയചിന്താഗതിയാണിത്. കൈനീട്ടം കൊടുക്കുമ്പോള്‍ ആരോടും തന്റെ കാലില്‍ തൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ തെളിയിക്കട്ടേയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
മെയ് ഒന്നാം തിയ്യതി അമ്മ അസോസിയേഷന്റെ വനിതാ സംഗമം നടക്കുന്നുണ്ട്. അവിടേയും വിഷു കൈനീട്ടം നല്‍കും. ആരെയെങ്കിലും ഇത് ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ഇവറ്റകളോട് പോയി ചാകാന്‍ പറയെന്നും സുരേഷ് ഗോപി പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷവും വിഷു കൈനീട്ടം നല്‍കിയിരുന്നു. ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി നേരെ തൃശൂരിലേക്കാണ് വന്നത്. വിഷുവാരം ആഘോഷിക്കാം എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കി. എന്റെ ലെറ്റര്‍ ഹെഡില്‍ തന്നെ അപേക്ഷ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് കൈനീട്ടത്തിന് മാറ്റിവെച്ചത്.’ സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയില്ലെന്നും എംപി പറഞ്ഞു. കൈനീട്ടം നല്‍കുന്നതില്‍ തന്റേതായി പ്രത്യേകം ഓപ്പറേഷന്‍ ഒന്നും ഇല്ല. കാലാകാലങ്ങളായി ചെയ്തുവരുന്ന ആചാരമാണിനെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ഇതിനിടെ മേല്‍ശാന്തിമാര്‍ കൈനീട്ടം സ്വീകരിക്കുന്നതിനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നെന്നാണ് ബോര്‍ഡ് അറിയിച്ചത്. എന്നാല്‍ ഇത് അവരുടെ വികലമായ രാഷ്ട്രീയ സങ്കല്‍പ്പമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുകൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍ വന്ദിക്കുകയും ചെയ്തതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.