തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ച് മാസത്തിലെ ശമ്പളം വിഷു ദിനത്തിലും അക്കൗണ്ടിലെത്തിയില്ല. ശമ്പളം നൽകാൻ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നിട്ടില്ല. അവധിയായതിനാൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്.
ശമ്പളവും കുടിശ്ശികയും നൽകാൻ 87 കോടിരൂപ വേണമെന്നിരിക്കെ ലഭിച്ച 30 കോടി രൂപ ഒന്നിനും തികയില്ലെന്നാണ് കെഎസ്ആർടിസി പറയുന്നത്. കഴിഞ്ഞമാസം 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. ഈ ഇനത്തിൽ 1.25 കോടിരൂപ സ്വകാര്യ ബാങ്കിൽ തിരിച്ചടവുണ്ട്. 20 ന് മാത്രമേ വീണ്ടും ഓവർഡ്രാഫ്റ്റ് എടുക്കാൻ കഴിയൂ എന്ന് അധികൃതർ പറയുന്നു. ദിവസേനയുള്ള വരുമാനത്തിൽ 5.5 കോടി രൂപ വർധനയുണ്ടായെങ്കിലും ഇന്ധനവില കൂടിയതോടെയാണ് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടായത്.
ഇതിനിടെ സർക്കാറിനെ പ്രതിരോധത്തിലാക്കി കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകൾ അടക്കമഉള്ളവർ സമരരംഗത്തേക്ക് ഇറങ്ങി. വാഗ്ദാനലംഘനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് സൂചനാപണിമുടക്കിന് ആഹ്വാനവും നൽകിയിട്ടുണ്ട്. മാനേജ്‌മെന്റിനെയും സിഎംഡിയെയും പിരിച്ചുവിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സിഐടിയു ആവശ്യപ്പെട്ടു.
Discussion about this post