ഏനാത്ത്: ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന കുഞ്ഞിനു വേണ്ടി ബിസ്‌കറ്റ് വാങ്ങിത്തരാമോ എന്ന ഫോൺ വിളി വന്നപ്പോൾ ആദ്യം കബളിപ്പിക്കാനാണെന്നാണ് ധരിച്ചത്. എന്നാൽ സംഭവത്തിലെ സത്യം മനസിലാക്കിയതോടെ കുട്ടിക്കായി ബിസ്‌ക്കറ്റ് വാങ്ങി പോലീസ് വഴിയോരത്ത് കാത്തുനിന്നു. ഈ സഹായത്തിന് നിരവധി പേർ ഏനാത്ത് പൊലീസിന് അഭിനന്ദനം അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യർഥിച്ച് ഫോൺ വിളി വന്നത്. മോൾക്ക് സുഖമില്ല. ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞ് ഒന്നും കഴിച്ചിട്ടില്ല. ആംബുലൻസ് നിർത്തി ആഹാരം വാങ്ങിയാൽ സമയം നഷ്ടപ്പെടും. അതിനാൽ ബിസ്‌കറ്റ് വാങ്ങി ആംബുലൻസിനരികിൽ എത്തിക്കാമോ എന്നായിരുന്നു അഭ്യർത്ഥന.
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ കെ.എം.മനൂപാണ് ഫോൺ എടുത്തത്. ഇൻസ്‌പെക്ടർ അവധിയിലായിരുന്നതിനാൽ എസ് ഐ ടി.സുമേഷിനെ വിവരം അറിയിച്ചു. ഇരുവരും കൂടി ബിസ്‌കറ്റ് വാങ്ങി ഏനാത്ത് പാലത്തിനു സമീപം കാത്തു നിന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാധാകൃഷ്ണനും ഒപ്പം ചേർന്നു. അപ്പോഴേക്കും റാന്നി ഭാഗത്തുള്ള ആംബുലൻസ് എത്തി. വേഗം കുറച്ചപ്പോഴേക്കും ആംബുലൻസിലിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾക്ക് ബിസ്‌കറ്റ് കൈമാറുകയും ചെയ്തു.